കൊല്ലം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതി പരിഹാര ആപ്പിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ.
ഈ മാസം ഒന്നുമുതൽ 12 വരെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 30 വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധനകൾ നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണ സേന, സംസ്ഥാനങ്ങളിലെ ഗവൺമെന്റ് റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തര നിർദേശം നൽകി.
സുപ്രധാന നിർദേശങ്ങൾ
1. ദീർഘദൂര ട്രെയിനുകളിൽ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻ വരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചുകളിലും റിസർവേഷൻ കോച്ചുകളിലും ആർപിഎഫ് പരിശോധന എല്ലാ ദിവസവും വേണം. പിടികൂടുന്നവർക്കെതിരേ ശിക്ഷാ നടപടികളും ഉണ്ടാകണം.
2. റിസർവേഷൻ കോച്ചുകളിൽ അനധികൃത യാത്ര അനുവദനീയമല്ല എന്ന കാര്യത്തിൽ പ്രധാന സ്റ്റേഷനുകളിലടക്കം ബോധവത്്കരണ പരിപാടികൾ സംഘടിപ്പിക്കണം.
3. ആർപിഎഫ് പരിശോധനയുടെ ഭാഗമായി വീഡിയോ – ഫോട്ടോ ചിത്രീകരണം നടത്തി അവ രേഖകളായി സൂക്ഷിക്കണം.
4. നിയമലംഘനങ്ങളും ഇതര കുറ്റകൃത്യങ്ങളും സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് പരിഹാര നടപടികൾ നിർബന്ധമായും സ്വീകരിക്കണം.
5. പരിശോധനകളും അതിന്മേൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച് റെയിൽവേ ബോർഡ് സെക്യൂരിറ്റി കൺട്രോൾ വിഭാഗത്തിന് പ്രതിദിന റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകണം. ഇതിൽ വീഴ്ച വരുന്നവർക്ക് എതിരേ അച്ചടക്ക നടപടിയും ഉണ്ടാകും.
ഇതു കൂടാതെ ഡിവിഷൻ തലത്തിൽ സമാനമായ പ്രശ്നങ്ങളോ പരാതികളോ ഉണ്ടായാൽ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നടപടി സ്വീകരിക്കാമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.
എസ്.ആർ. സുധീർ കുമാർ