തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച സംബന്ധിച്ച് റെയിൽവെ പോലീസ് അന്വേഷണം കോയന്പത്തൂരിലേക്ക് വ്യാപിപ്പിച്ചു.
ന്യൂഡൽഹിയിൽ നിന്നും തിരുവന്തപുരത്തേക്ക് എത്തിയ നിസാമുദ്ദിൻ ട്രെയിനിലെ യാത്രക്കാരികളായ മൂന്ന് സ്ത്രീകളിൽ നിന്നുമാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്.
ഏറെ വർഷങ്ങളായി ആഗ്രയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി വിജയലക്ഷ്മി (47), ഇവരുടെ ബിരുദ വിദ്യാർഥിനിയായ മകൾ അഞ്ജലി (21) , കോയന്പത്തൂർ സ്വദേശിനി കൗസല്യ (26) എന്നിവരാണ് കവർച്ചക്കിരയായത്.
ഇവരെ അബോധാവസ്ഥയിലാക്കിയ ശേഷം വിജയലക്ഷ്മിയുടെയും മകളുടെയും കൈവശം ഉണ്ടയിരുന്ന 20 പവനിൽപരം വരുന്ന സ്വർണാഭരണങ്ങളും രണ്ട ് മൊബൈൽ ഫോണുകളും കൗസല്യയിൽ നിന്നും മൊബൈൽ ഫോണും കവരുകയായിരുന്നു.
സ്ഥിരം കുറ്റവാളിയോ?
കവർച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്സർ ബാഗ്ഷാ എന്നാണ് സംശയിക്കുന്നത്. പോലീസ് കാണിച്ച അക്സറിന്റെ ഫോട്ടോ കവർച്ചയ്ക്ക് ഇരയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു.
കോയന്പത്തൂരെത്തുന്നതിനു മുന്പ് അക്സറിനെ കണ്ടതായി യാത്രക്കാരികൾ പറയുന്നു. രാത്രി യാത്രക്കാർ ഉറങ്ങുന്ന സമയത്ത് പ്രതി കവർച്ച നടത്തി ട്രെയിനിൽ നിന്നിറങ്ങിയെന്നാണ് പോലീസ് സംശയിക്കുന്നത്.
സേലത്തുനിന്ന്
ബന്ധുവിന്റെ മകളുടെ വിവാഹത്തിന് സമ്മാനിക്കാനായി വിജയലക്ഷ്മി കൊണ്ട് വന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. കായംകുളത്ത് ഇറങ്ങേണ്ടിയിരുന്ന വിജയലക്ഷ്മിയും മകളും ഇന്നലെ രാവിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് കവർച്ച വിവരം അറിഞ്ഞത്.
അബോധാവസ്ഥയിലായിരുന്ന മൂവരെയും റെയിൽവെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സേലം റെയിൽവെ സ്റ്റേഷനിൽ നിന്നും പാർസലായി വാങ്ങിയ ഭക്ഷണമാണ് മൂവരും കഴിച്ചിരുന്നതെന്ന് സ്ത്രീകൾ പോലീസിൽ മൊഴി നൽകി.
കോയന്പത്തൂർ എത്തുന്നത് വരെ തങ്ങൾക്ക് ബോധം ഉണ്ടയിരുന്നുവെന്നും പിന്നീട് ഒന്നും ഓർമ്മയില്ലായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
ഉറങ്ങുന്പോൾ മയക്കുമരുന്ന് സ്പ്രേ ചെയ്ത് മൂവരെയും ബോധം കെടുത്തി കവർച്ച നടത്തിയതാണെന്ന സംശയം ഉണ്ടെ ന്ന് റെയിൽവെ പോലീസ് പറഞ്ഞു. സേലത്ത് ഇവർ ഭക്ഷണം വാങ്ങിയ കടയിൽ റെയിൽവെ പോലീസ് അന്വേഷണം നടത്തും.