സ്വന്തം ലേഖകൻ
കണ്ണൂർ: ട്രെയിനിനുനേരേ കല്ലെറിയുന്നവരെ പിടികൂടാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്) ജാഗ്രതാസമിതികൾ രൂപീകരിക്കുന്നു. പാലക്കാട് ഡിവിഷന്റെ കീഴിലാണ് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിക്കുന്നത്. അടുത്തമാസം മുതൽ ജാഗ്രതാസമിതികളുടെ പ്രവർത്തനം തുടങ്ങും. ഇതോടൊപ്പം രാത്രികാലങ്ങളിൽ ആർപിഎഫിന്റെ നേതൃത്വത്തിൽ റെയിൽവേ ട്രാക്കിന് സമീപമുള്ള റോഡിലൂടെ ബൈക്കിൽ പട്രോളിംഗും നടത്തും.
റെയിൽവേ ട്രാക്ക് കടന്നുപോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റേഷനുകളിലെ പോലീസുകാർ, സ്കൂളുകളിലെ മുഖ്യാധ്യാപകർ എന്നിവർക്കുപുറമെ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനെയും ഉൾപ്പെടുത്തിയാണ് ആർപിഎഫ് ജാഗ്രതാസമിതികൾ രൂപീകരിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് കല്ലെറിയുന്നതെന്ന് ആർപിഎഫിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതിനാൽ സ്കൂളുകളിലും കോളജുകളിലും ആർപിഎഫിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തും. പാലക്കാട് ഡിവിഷൻ അസി.കമ്മീഷണർ തോമസ് ജോൺ, മംഗളൂരു ഡിവിഷൻ അസി.കമ്മീഷണർ എം.വാസു, ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എ.പി. വേണു എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും ജാഗ്രതാസമിതികളുടെ പ്രവർത്തനം.
അടുത്തകാലത്തായി ട്രെയിനുകൾക്കുനേരേ കല്ലെറിയുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. പലപ്പോഴും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ട്രെയിനിന് കല്ലെറിഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവിഷന്റെ കീഴിൽ അൻപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ ആർപിഎഫ് സ്റ്റേഷൻ പരിധിയിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. പയ്യന്നൂർ, പഴയങ്ങാടി, കണ്ണപുരം, വളപട്ടണം ഭാഗങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജാമ്യം കിട്ടില്ല
ട്രെയിനിനു കല്ലെറിഞ്ഞാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. അഞ്ചുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കല്ലേറിൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റാൽ ശിക്ഷയുടെ കാലാവധി കൂടും. കല്ലേറുണ്ടായാലും കല്ലെറിയുന്നവരെക്കുറിച്ച് സൂചന ലഭിച്ചാലും ആർക്കും 182 എന്ന റെയിൽവേ സുരക്ഷാ ടോൾ നന്പറിൽ വിളിച്ചറിയാക്കാമെന്ന് ആർപിഎഫ് അധികൃതർ അറിയിച്ചു.