കൊല്ലം: ഉത്സവ സീസണുകൾ പ്രമാണിച്ച് ട്രെയിനുകളിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കാൻ കർശന പരിശോധനകൾ നടത്താൻ അധികൃതരുടെ നിർദേശം. ഇതു സംബന്ധിച്ച് റെയിൽവേ സംരക്ഷണ സേനയ്ക്കും പോലീസിനും ജാഗ്രതാ നിർദേശം ലഭിച്ചു കഴിഞ്ഞു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി എല്ലായിടത്തും നിയോഗിച്ചിട്ടുണ്ട്.
പാർസൽ ഓഫീസ് വഴി ബുക്ക് ചെയ്യുന്ന ലഗേജുകളും പാർസലുകളും സ്കാനിംഗ് അടക്കമുള്ള കർശന പരിശോധന നടത്തിയശേഷമേ ട്രെയിനുകളിൽ കയറ്റാവൂ എന്നു നിർദേശത്തിൽ പറയുന്നു.
പടക്കങ്ങൾ അടക്കമുള്ള സ്ഫോടക വസ്തുക്കൾ, ഗ്യാസ് സിലിണ്ടറുകൾ, ആസിഡ്, പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവ ഒന്നും വണ്ടികളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.
ഇത്തരം വസ്തുക്കളുമായി സഞ്ചരിക്കുന്നവരെ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലോ ട്രെയിനുകളിലോ കണ്ടാൽ സഹയാത്രികർ വിവരം അടിയന്തരമായി 139 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു.
കൂടാതെ ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ എല്ലാ സ്റ്റേഷനുകളിലും സ്ഥിരമായി മൈക്ക് അനൗൺസ്മെന്റുകൾ വഴി നടത്തുകയും വേണം. സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ ഫീൽഡ് സ്റ്റാഫുകളും ഇതര ജീവനക്കാരും അടക്കമുള്ളവർ യാത്രക്കാരെ നിരീക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്.
യാർഡുകൾ, വാഷിംഗ് ലൈൻ, പിറ്റ് ലൈൻ, ഇന്ധനം നിറയ്ക്കൽ പോയിന്റുകൾ എന്നിവിടങ്ങളിലും കർശന പരിശോധനകൾ നടത്തണം. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്ഷൻ 67, 164, 165 എന്നിവ പ്രകാരം റെയിൽവേയുടെ സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പിഴത്തുകയും ഉണ്ട്. കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേ ഇത്തരത്തിലുള്ള 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശബരിമല സീസൺ പ്രമാണിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടമായി എത്തുന്ന തീർഥാടകർ ഗ്യാസ് സിലിണ്ടറുകൾ അടക്കം കൊണ്ടുവന്ന് ട്രെയിനുകളിലും സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും ഒക്കെ ആഹാരം പാകം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇക്കുറി ഇത്തരം നിയമലംഘനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ല എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
യാത്രികരുടെ കൈവശമുള്ള ലഗേജുകളും ബാഗേജുകളും വണ്ടികളിലും സ്റ്റേഷനുകളിലും കർശനമായി പരിശോധിക്കുകയും ചെയ്യും.
എസ്.ആർ. സുധീർ കുമാർ