ഷാജിമോന്‍ ജോസഫ്
കൊച്ചി: ബോഗികളില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാര്‍, റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ മടുപ്പിക്കുന്ന ക്യൂ, ജനറല്‍ കാറ്റഗറി യാത്രക്കാര്‍ക്കും പ്രതിദിന യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന അപൂര്‍വം ട്രെയിനുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ്, എല്ലാറ്റിലുമുപരി സ്പെഷല്‍ ട്രെയിന്‍ എന്ന പേരില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ പോലും ടിക്കറ്റ് നിരക്കിലെ പകല്‍ക്കൊള്ള…
കോവിഡ് വ്യാപനം ഭയന്നാണ് കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാത്തതെന്ന് ന്യായം പറയുന്ന റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ സ്ഥിരംയാത്രക്കാര്‍ വയ്ക്കുന്ന ദുരിതചിത്രമാണിത്.
മഹാമാരിയെ അതിജീവിച്ച് ജനജീവിതവും റോഡ് ഗതാഗതവും പൂര്‍വസ്ഥിതിയിലായിട്ടും ട്രെയിന്‍ യാത്രക്കാരുടെ കഷ്ടതയുടെ റെഡ് സിഗ്നല്‍ അണയുന്നില്ല. അവരുടെ ദുരിതം എന്നൊഴിയുമെന്ന് അധികൃതര്‍ക്കും കൃത്യമായ ഉത്തരമില്ല.
ഒന്നര വര്‍ഷം മുമ്പ് കോവിഡ് മഹാമാരിയെതുടര്‍ന്ന് മാസങ്ങളോളം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പിന്നീട് ഘട്ടംഘട്ടമായി പുനരാരംഭിച്ചെങ്കിലും യാത്രാദുരിതത്തിന് പരിഹാരമായിട്ടില്ല. പ്രത്യേകിച്ചും സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തില്‍.
ശ്വാസംകിട്ടാതെ യാത്രക്കാര്‍
റിസര്‍വേഷന്‍ ഇല്ലാതെ ജനറല്‍ ടിക്കറ്റും സീസണ് ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന ട്രെയിനുകള്‍ കുറവാണെന്നതാണ് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നത്. ജനറല്‍ ടിക്കറ്റുകള്‍ ചുരുക്കം ട്രെയിനുകളില്‍ ഒതുങ്ങുന്നു.
ഈ ട്രെയിനുകളിലാകട്ടെ, ജനറല്‍ കോച്ചുകളുടെ എണ്ണം പരിഗണിക്കാതെ ടിക്കറ്റുകള്‍ നല്കുന്നതുമൂലം തിങ്ങിഞെരുങ്ങിയാണ് യാത്ര. റിസര്‍വ്ഡ് കോച്ചുകളില്‍ തീരെ യാത്രക്കാരില്ലതാനും.
യാത്രാതിരക്ക് കുറയ്ക്കാന്‍ പ്രതിദിന എക്സ്പ്രസുകളില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടുകയും റിസേര്‍വ്ഡ് ട്രെയിനുകളില്‍ നിയന്ത്രണങ്ങളോടെ പഴയതുപോലെ ഒന്നോ രണ്ടോ ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ പുനസ്ഥാപിക്കുകയും വേണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
നാമമാത്രമായ പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസ് സ്പെഷലായി സര്‍വീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും യാത്രചെയ്യേണ്ട സമയത്ത് ട്രെയിന്‍ ഇല്ലാത്ത അവസ്ഥയാണ്. മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് പുനരാരംഭിച്ചാല്‍ യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കാനാകും. കോച്ചുകള്‍ കുറവാണെന്നതും മറ്റൊരു വെല്ലുവിളിയാണ്.
“സ്പെഷല്‍’ കൊള്ള
മെമു ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ സ്പെഷല്‍ ട്രെയിനുകളായും പഴയ ഏതാണ്ടെല്ലാ എക്സ്പ്രസ് ട്രെയിനുകളും റിസേര്‍വ്ഡ് ആയും സര്‍വീസ് നടത്തുമ്പോള്‍ വലിയ യാത്രാനിരക്കാണ് നല്‍കേണ്ടിവരുന്നത്.
കോവിഡിനു മുമ്പ് പാസഞ്ചറില്‍ 10 രൂപയ്ക്കു യാത്ര ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30 രൂപ നല്‍കണം. സീസണ് ടിക്കറ്റുകാരല്ലാത്ത സ്ഥിരം യാത്രക്കാര്‍ക്ക് ഇതു വലിയ സാമ്പത്തികബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.
ജോലിക്കാര്‍ ഉള്‍പ്പെടെ ദിവസവും യാത്രചെയ്യുന്നവര്‍ ആശ്രയിക്കുന്ന ഏറനാട്, പാലരുവി, ധന്‍ബാദ്, ഐലന്‍ഡ്, പരശുറാം, മലബാര്‍, മാവേലി, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകളെല്ലാം റിസര്വഡ് ആക്കിയതിനാല്‍ ഇവയില്‍ സീസണ് ടിക്കറ്റുകാര്‍ക്ക് യാത്രാനുമതിയില്ല.
കോവിഡിനു മുമ്പ് ഈ ട്രെയിനുകളിലെല്ലാം കുറഞ്ഞത് രണ്ടു ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക് യാത്ര കയറാമായിരുന്നു. കേരളത്തിനകത്ത് ഓടുന്ന റിസര്വഡ് ട്രെയിനുകളിലെങ്കിലും രണ്ടോ മൂന്നോ ജനറല്‍ കംപാര്‍ട്ട്മെന്റ് അനുവദിച്ചാല്‍ സീസണ്കാര്ക്ക് ഉപകാരപ്രദമാകും.
റിസര്‍വ്ഡ് ടിക്കറ്റിന്റെ പേരിലും പകല്‍ക്കൊള്ള തുടരുകയാണ്. ഹ്രസ്വയാത്രയ്ക്കുപോലും റിസര്‍വേഷന്‍ ചാര്‍ജായി 15 രൂപ കൂടി നല്‍കേണ്ടിവരുന്നു. കൂടുതല്‍ ട്രെയിനുകളും റിസേര്‍വ്ഡ് ആയി ഓടുന്നതുമൂലം റെയില്‍വേയുടെ വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
തിരക്ക് കൗണ്ടറുകളിലും
ജനറല്‍ കൗണ്ടറുകളില്‍ ഇതുവരെ റിസര്‍വേഷന്‍ ടിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലാക്കി.റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പലപ്പോഴും ആളുമില്ല. ചില പ്രധാന സ്റ്റേഷനുകളില്‍പോലും ഒരൊറ്റ കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പലപ്പോഴും യാത്രക്കാരുടെ നീണ്ട നിര കാണാം. ഇത് തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുവെന്നു മാത്രമല്ല, ക്യൂവില്നില്ക്കുന്നവര്ക്ക് ചിലപ്പോഴൊക്കെ ടിക്കറ്റ് കിട്ടാതെവരികയും ചെയ്യുന്നു. കോവിഡ് പ്രോട്ടോകോളും പാലിക്കപ്പെടുന്നില്ല.
കോവിഡ് കണക്കില്‍ കേരളം മുന്നില്‍ നില്ക്കുന്നു എന്നതു കണക്കിലെടുത്താണ് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കാത്തതിനു കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറയുമ്പോള്‍ കോച്ചുകള്‍ കുറച്ച്, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് കോവിഡ് വ്യാപനത്തിനേ ഇടയാക്കൂവെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ മൗനമാണ് മറുപടി.