സ്വന്തം ലേഖകൻ
തൃശൂർ: കോഴിക്കോടു നിന്നും തിരുവനന്തപുരം വരെ പോകുന്ന ജനശതാബ്ദി എക്സ്പ്രസ് രാവിലെ എട്ടേകാലിന് എത്തിയതോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോക്ഡൗണ് ആലസ്യങ്ങളിൽ നിന്നുണർന്നു. കർശന നിബന്ധനകളും നിയന്ത്രണങ്ങളും യാത്രക്കാർക്കുണ്ടായിരുന്നുവെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രക്കാരെ കർശന പരിശോധനകൾക്കും നിബന്ധനകൾക്കും വിധേയമാക്കിയാണ് സ്റ്റേഷനകത്തേക്കും ട്രെയിനിലെത്തിയവരെ പുറത്തേക്കും കടത്തിവിട്ടത്.
റെയിൽവേ അധികൃതർ നേരത്തെതന്നെ അറിയിച്ചിരുന്നതിനാൽ യാത്രക്കാർ ട്രെയിൻ എത്തുന്നതിനും അരമണിക്കൂർ മുൻപേ തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ താരതമ്യേന തിരക്ക് കുറവായിരുന്നു. എട്ടേകാലിന് എത്തേണ്ട ട്രെയിനിൽ പോകാനായി രാവിലെ ആറേകാലോടെ ഗേറ്റ് തുറന്നു.
പാഴ്സൽ ഓഫീസിനരികെയുള്ള പ്രവേശന കവാടത്തിലൂടെയാണ് യാത്രക്കാരെ അകത്തേക്ക് കടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്തവരെ മാത്രമേ അകത്തേക്ക് കടത്തിയുള്ളു. യാത്രയാക്കാൻ വരുന്നവരെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണമുണ്ടാകില്ലെന്നും സ്റ്റേഷൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്രെയിനിൽ വന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയവരെ പ്രധാന പ്രവേശന കവാടത്തിലൂടെയാണ് പുറത്തേക്ക് കടത്തിവിട്ടത്. അകത്തേക്കും പുറത്തേക്കും പോകുന്നവരെ ആരോഗ്യവകുപ്പ് ജീവനക്കാർ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരതാപനില പരിശോധിച്ചിരുന്നു.
ആദ്യദിനത്തിലെ ട്രെയിനുകളെല്ലാം പതിവുപോലെ സർവീസ് നടത്തുമെന്നും മാറ്റങ്ങളൊന്നുമില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാംകവാടത്തിലൂടെയുള്ള പ്രവേശനം തടഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തി ഗേറ്റുകൾ അടച്ചിരുന്നു. പോർട്ടർമാർക്ക് ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു.
സ്റ്റേഷനിലെ സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നില്ല. ഓട്ടോ ടാക്സി സർവീസുകൾ നടത്താനും അനുവാദമുണ്ടായിരുന്നു. റെയിൽവേ പോലീസും ലോക്കൽ പോലീസും റെയിൽവേ ഉദ്യോഗസ്ഥരുമടക്കമുള്ളവർ സുരക്ഷാനിയന്ത്രണങ്ങൾക്കായി സ്റ്റേഷനിലുണ്ടായിരുന്നു.