ഷൊർണൂർ: ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന അഞ്ച് ട്രെയിനുകൾ നഷ്ടമാകുമെന്ന് സൂചന.ആലപ്പുഴ- ധൻബാദ്, ഗോരക്പൂർ- തിരുവനന്തപുരം , ബറൗണി- എറണാംകുളം, ഇൻഡോർ – തിരുവനന്തപുരം, കോർബ- തിരുവനന്തപുരം, എന്നീ വണ്ടികളാണ് ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോവുക.
എന്നാൽ ഇതിനൊപ്പം ധൻബാദ് എക്സ്പ്രസിന് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും രണ്ട് മിനിറ്റ് വീതം സ്റ്റോപ്പ് അനുവദിക്കും തിരുവനന്തപുരത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വണ്ടികൾ ഷൊർണൂർ സ്റ്റേഷൻ എത്തി എൻജിൻ തിരിച്ചുപോകുന്പോൾ അരമണിക്കൂറോളം നഷ്ടപ്പെടുന്നുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം ഇത് യാത്രക്കാർക്കും റെയിൽവേക്കും സമയ ,സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും റെയിൽവേ ചൂണ്ടികാണിക്കുന്നു ഇതിനുമുന്പും ദീർഘദൂര തീവണ്ടികളിൽ പലതും ലിങ്ക് വഴി തിരിച്ചുവിട്ട് ഷൊർണൂരിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഷൊർണൂരിൽ എത്താതെ പോകുന്ന വണ്ടികൾക്ക് ഭാരതപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെട്ടിട്ടില്ല. വള്ളത്തോൾ നഗർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുമെന്നാണ് സൂചന. അതേസമയം കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ എന്ന് ഖ്യാതിയുള്ള ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനെ അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി പ്രവർത്തനം നടത്തി വരുന്നുണ്ടെന്ന് വർഷങ്ങളായി ആരോപിക്കപ്പെടുന്ന വസ്തുതയാണ്.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനം പലപ്പോഴും നടക്കാതെ പോകുന്നതിന് ഇതാണ് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മലബാറിന്റെ റെയിൽവേ പ്രവേശനകവാടമായ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണം എന്നും ഇതിനുവേണ്ടി ട്രയാംഗുലർ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കണമെന്നും വർഷങ്ങൾക്ക് മുന്പ് തന്നെ ആവശ്യം ഉയർന്നതാണ്.
എന്നാൽ ഇതിനെ അട്ടിമറിച്ചുകൊണ്ട് ബൾബ് ലൈൻ പദ്ധതി പകരം കൊണ്ടുവന്ന് റെയിൽവേ ഉന്നതരിൽ ചിലർ രണ്ടു പദ്ധതികളും അട്ടിമറിച്ചു. മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ മുൻകൈയ്യെടുത്ത് ആരംഭിച്ച ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ റെയിൽവേ അടച്ചുപൂട്ടുകയും ചെയ്തു.
വിവിധ തീവണ്ടികളെ വഴിതിരിച്ചുവിടുകയും ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുകയും ആണ് റെയിൽവേ ഉന്നതരിൽ ചിലരുടെ ഗൂഡ ലക്ഷ്യം എന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഏപ്രിൽ മുതൽ അഞ്ച് തീവണ്ടികളെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വരാതെ വഴിതിരിച്ചുവിടാനുള്ള തീരുമാനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.