കൊച്ചി: എറണാകുളം ടൗണ് നോർത്ത് റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ തെറ്റി ഗുഡ്സ് ട്രെയിൻ മുന്നോട്ടു നീങ്ങിയ സംഭവത്തിൽ ഗുഡ്സ് എൻജിൻ ഡ്രൈവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഇയാളെ മെഡിക്കൽ പരിശോധനകൾക്കും വിധേയമാക്കി.
ഇന്നലെ രാത്രി ഏഴേകാലോടെയുണ്ടായ സംഭവത്തിൽ തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. സംഭവത്തെത്തുടർന്നു മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം താറുമാറാകുകയും ചെയ്തിരുന്നു. സിഗ്നൽ സംവിധാനം താറുമാറായതോടെ നിരവധി ട്രെയിനുകളാണു വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടത്.
നോർത്ത് റെയിൽവേ സ്റ്റേഷനിലെ മധ്യത്തിലെ പാളത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഒന്നാമത്തെ പാളത്തിലൂടെ കടന്നുപോകേണ്ട നിസാമുദ്ദീൻ എക്സ്പ്രസിനു മുന്നോട്ട് പോകാനുള്ള സിഗ്നൽ കണ്ട് തെറ്റിദ്ധരിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. നോർത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത നിസാമുദ്ദീൻ എക്സ്പ്രസിന് ഒന്നാം പ്ലാറ്റ്ഫോമിലൂടെ തൃശൂർ ഭാഗത്തേക്കു കടന്നു പോവുന്നതിനായിരുന്നു സിഗ്നൽ നൽകിയത്. തെറ്റ് മനസിലാക്കിയ എഞ്ചിൻ ഡ്രൈവർ ഗുഡ്സ് ട്രെയിൻ ഉടൻ നിർത്തിയെങ്കിലും സിഗ്നൽ സംവിധാനം തകരാറിലാവുകയായിരുന്നു.
ഇതേത്തുടർന്നു പിന്നാലെയെത്തിയ നിസാമുദ്ദീൻ എക്സ്പ്രസ് പിടിച്ചിട്ടതിനു പുറമെ ചെന്നൈ മെയിൽ, ഐലൻഡ് എക്സ്പ്രസ്, എറണാകുളം-ഗുരുവായൂർ പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ മണിക്കൂറുകളോളം എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലായി നിർത്തിയിട്ടു. പിന്നീട് രണ്ടു മണിക്കൂറോളമെടുത്താണു സിഗ്നൽ സംവിധാനത്തിലെ തകരാർ പരിഹരിച്ചു ട്രെയിൻ ഗതാഗതം പുനഃരാരംഭിച്ചത്. ഇരുന്പനത്തുനിന്ന് ഇന്ധനം നിറച്ചശേഷം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തി പാലക്കാട് ഭാഗത്തേക്കു പോകാൻ കിടക്കുകയായിരുന്നു ഓയിൽ ടാങ്കർ വിഭാഗത്തിൽപ്പെട്ട ഗുഡ്സ് ട്രെയിൻ.