തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ടു ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു.
ഇന്ന് ഉച്ചക്ക് 12.30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർ ഫാസ്റ്റ് ആറു മണിക്കൂർ വൈകി വൈകിട്ട് 06.30 ന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക ഉള്ളൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കൂടാതെ ഇന്ന് പുലർച്ചെ 02.15 ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം -പൂനെ സൂപ്പർ ഫാസ്റ്റ് പത്തര മണിക്കൂർ വൈകി ഉച്ചക്ക് 12.45 ന് മാത്രമായിരിക്കും പുറപ്പെടുക. ഓച്ചിറയിൽ സിഗ്നൽ തകരാർ മൂലം വന്ദേഭാരത് എക്സ്പ്രസ്, മൈസുരു-കൊച്ചുവേളി എക്സ്പ്രസ് എന്നിവ പിടിച്ചിട്ടുണ്ട്.
ഓച്ചിറയിൽ സിഗ്നൽ തകരാർ ഉണ്ടായതോടെ കായംകുളം ഭാഗത്തേക്ക് പോകേണ്ട, ജനശതാബ്ദി, പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നാണ് റിപ്പോർട്ട്.
ഓച്ചിറയിൽ സിഗ്നൽ തകരാർ ഉണ്ടായതിനാൽ ഇന്നും ട്രെയിനുകൾ വൈകി. ഇന്ന് രാവിലെ ആറോടെയാണ് സിഗ്നൽ സംവിധാനത്തിൽ തകരാർ ഉണ്ടായത്.
6.57ന് വന്ദേഭാരത് എക്സ്പ്രസ് കടത്തിവിട്ടു. ജീവനക്കാർ എത്തി 7.15 ഓടെയാണ് തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇത് കാരണം ചില വണ്ടികൾ ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ വൈകി.വന്ദേ ഭാരത് എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ്, കൊല്ലം – എറണാകുളം മെമു എന്നിവ രാവിലെ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.എറണാകുളം മെമു ഒന്നര മണിക്കൂറിലധികം ഓച്ചിറ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷമാണ് ഓച്ചിറയിൽ നിന്ന് പുറപ്പെട്ടത്.
ഇന്നലെ രാത്രി ചന്ദനത്തോപ്പ് മാമൂട് ഭാഗത്ത് റെയിൽവേ ലൈനിൽ മരം വീണും കുറച്ച് സമയം ഗതാഗതം തടസപ്പെട്ടു.ട്രാക്കിൽ മരം വീണ് റെയിൽവേ വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവച്ചതിനാൽ ഇന്നത്തെ കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം മെമു ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
മഴക്കാലമായതോടെ ലൈനിൽ മരം വീഴുന്നതും സിഗ്നൽ തകരാർ സംഭവിക്കുന്നതും പതിവായിരിക്കയാണന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു.