എസ്.ആർ.സുധീർ കുമാർ
കൊല്ലം: ചരക്ക്- യാത്രാ വണ്ടികളുടെ വേഗത വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനം. വിവിധ സെക്ഷനുകളിൽ ഓരോ സാമ്പത്തിക വർഷവും ഇത് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് കർമ പദ്ധതിയും തയാറാക്കി കഴിഞ്ഞു.
തിരുവനന്തപുരം – മംഗലാപുരം റൂട്ടിൽ അനുവദനീയ പരമാവധി വേഗതയിൽ (130-160 കിലോമീറ്റർ) വണ്ടികൾ ഓടിക്കുന്നതിനുള്ള സാധ്യതാ പഠനം അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ സെക്ഷനിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള രണ്ട് റൂട്ടുകളിലെയും സാധ്യതാ പഠനം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലാണ് ഏറ്റവും പ്രധാനം. പഠനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചെയ്യേണ്ട ജോലികളും റെയിൽവേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു.
സമ്പൂർണ ട്രാക്ക് നവീകരണം, വേണ്ടിടത്ത് എല്ലാം പഴയവ മാറ്റി പുതിയ 60 കിലോഗ്രാം റെയിൽ സ്ഥാപിക്കൽ, പാലങ്ങളുടെ ബലപ്പെടുത്തൽ, സാധ്യമായിടത്തെല്ലാം വളവുകൾ പരമാവധി നിവർത്തൽ, കാൽനട യാത്രികർ പാളം മുറിച്ച് കടക്കുന്ന എല്ലാ മേഖലകളിലും ബാരിക്കേഡുകളും സംരക്ഷണ ഭിത്തിയും നിർമിക്കൽ എന്നിവ മുൻഗണനാ ക്രമത്തിൽ ചെയ്യും.
കൂടാതെ പൂർണമായും ഓട്ടോമാറ്റിക് – ഡിസ്റ്റൻസിംഗ് സിഗ്നലിംഗ് സംവിധാനവും ഏർപ്പെടുത്തണം. ഓവർഹെഡ് എക്വിപ്മെന്റുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് മറ്റൊന്ന്.
ഓവർ ഹെഡ് മേഖലയിലെ സാങ്കേതിക തടസങ്ങളും സമ്പൂർണമായി മാറ്റിയാൽ പദ്ധതി അതിവേഗം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഓരോ സാമ്പത്തിക വർഷവും വിവിധ റൂട്ടുകളിൽ ദക്ഷിണ റെയിൽവേ എല്ലാ വണ്ടികളുടെയും വേഗത വർധിപ്പിക്കും. നിലവിലെ 110 കിലോമീറ്ററിൽ നിന്ന് 130 – ലേയ്ക്കാണ് വേഗത ഉയർത്തുന്നത്. ജോലാർപേട്ട- സേലം – കോയമ്പത്തൂർ റൂട്ടിൽ സ്പീഡ് കൂട്ടുന്ന ജോലികൾ 2024 മാർച്ചിൽ പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഷൊർണൂർ- കണ്ണൂർ റൂട്ടിൽ വേഗത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ 2024 – 25 സാമ്പത്തിക വർഷം പൂർത്തിയാക്കും. കണ്ണൂർ – മംഗലാപുരം, കൊല്ലം – തിരുവനന്തപുരം, ചെന്നൈ എഗ്മോർ – വില്ലുപുരം – തിരുച്ചിറ മേഖലയിലെ പണികൾ 2025 – 26 സാമ്പത്തിക വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
2026 – 27 സാമ്പത്തിക വർഷം എറണാകുളം – ആലപ്പുഴ – കായംകുളം – കൊല്ലം, ഷൊർണൂർ – പോഡന്നൂർ, തിരുച്ചിറപ്പള്ളി – ദിണ്ടുഗൽ – മധുര – തിരുനെൽവേലി, നാഗർകോവിൽ – തിരുനെൽവേലി സെക്ഷനിലും വേഗത വർധിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കും.
ചെന്നൈ- ഗുഡൂർ, ചെന്നൈ – റെനിഗുണ്ട എന്നീ റൂട്ടുകളിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികൾ പൂർത്തീകരിച്ച് കഴിഞ്ഞു. ഈ സെക്ഷനിൽ ട്രെയിനുകളുടെ വേഗത ഉടൻ തന്നെ 110 കിലോമീറ്ററിൽ നിന്ന് 130 ആയി ഉയർത്തും.