മംഗളൂരു: കേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതിനിടെ മംഗളൂരുവിൽ റെയിൽവേ ട്രാക്കിൽ അർധരാത്രി കല്ലുകൾ കണ്ടെത്തി. സംഭവസമയം സ്ഥലത്ത് സംശയാസ്പദമായി രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അട്ടിമറി ശ്രമം ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ മംഗളൂരുവിന് തെക്ക് റെയിൽവേ മേൽപാലത്തിന് മുകളിലെ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ളതടക്കം രണ്ടു ട്രെയിനുകൾ ഈവഴി കടന്ന് പോയപ്പോൾ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
റെയിൽവേ അധികൃതരും ആർപിഎഫുമെത്തി ട്രാക്കും പരിസരവും പരിശോധിച്ചപ്പോൾ വലിയ ഉരുളൻ കല്ലുകൾ ട്രാക്കിന് മുകളിൽ വച്ചത് കണ്ടെത്തി. കല്ലുകൾ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. കല്ലുകൾ ഉരഞ്ഞ് ട്രാക്കിന് ചെറിയ കേടുപാടുകളും സംഭവിച്ചു.
സംഭവസമയം ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകളാണ് സ്ഥലത്ത് രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്നു മൊഴി നൽകിയത്. സ്ഥലത്തേക്കു വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.