പരവൂർ : ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അടുത്ത കാലത്ത് ഒരേ രാത്രിയിൽ ചെന്നൈ – മംഗളരു എക്സ്പ്രസിലും തിരുവനന്തപുരം -മംഗലാപുരം മലബാർ എക്സപ്രസിലും വൻ കവർച്ചയാണ് നടന്നത് . എന്നാൽ കേരളത്തിൽ ഓടുന്ന വിവിധ ട്രെയിനുകളിൽ നൂറ് കണക്കിന് മോഷണങ്ങൾ ദിവസേന നടക്കുന്നുണ്ട് .
എന്നാൽ ഭൂരിഭാഗം മോഷണങ്ങളും പുറം ലോകം അറിയുന്നില്ല. പരാതി നൽകിയാൽ അന്വേഷണം പോലും നടക്കുന്നില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് പോകുന്ന നിരവധി ട്രെയിനുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ വച്ച് നിരവധി മോഷണങ്ങൾക്ക് യാത്രക്കാർ വിധേയരാകുന്നു.
യാത്രക്കിടയിലായതിനാൽ പരാതി നൽകാൻ പോലും കഴിയുന്നില്ല.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിച്ച് യാത്രക്കാർക്ക് മതിയായ സുരക്ഷ നൽകാൻ റെയിൽവേ തയാറകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി യു.കെ.ദിനേശ് മണി, റ്റി..പി.ദീപു ലാൽ ,ജെ.ഗോപകുമാർ, നിർമ്മൽകുമാർ, ചിതറ അരുൺശങ്കർ അബ്ദുള്ളാ ഷാ എന്നിവർ പ്രസംഗിച്ചു