ഷൊർണൂർ: ട്രെയിനുകളിൽ യാത്രക്കാർക്കു ഇപ്പോഴും അശുഭയാത്ര. ട്രെയിൻ യാത്രയ്ക്കിടെ രക്തസാക്ഷിയായ സൗമ്യ മരണമടഞ്ഞിട്ട് എട്ടുവർഷം തികയുന്പോഴും ഇന്നും ട്രെയിനുകളിൽ സ്ത്രീകൾ സുരക്ഷിതരല്ല. യാചകർ, കഞ്ചാവു വില്പനക്കാർ, അനധികൃത കച്ചവടക്കാർ തുടങ്ങിയവരുടെ വിഹാരകേന്ദ്രമാണ് ട്രെയിനുകൾ.റെയിൽവേ പോലീസ്, സ്ക്വാഡ് തുടങ്ങിയ ഉദ്യോഗസ്ഥരൊന്നും ഇവർക്കെതിരേ ചെറുവിരൽ അനക്കുന്നില്ല.
സൗമ്യമാർ ഇനിയും ആവർത്തിക്കപ്പെടാനുള്ള സാധ്യത നിലനില്ക്കുന്പോഴും അധികൃതർ തികഞ്ഞ നിസംഗതയിലാണ്. വനിതാ കന്പാർട്ടുമെന്റുകളിൽ പുരുഷന്മാരുടെ യാത്ര പതിവുകാഴ്ചയാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വനിതാ കന്പാർട്ടുമെന്റിൽ വനിതാ പോലീസോ പുരുഷ പോലീസോ ഇല്ല. റെയിൽവേ സ്റ്റേഷനുകളിൽ യാചക വേഷത്തിലുള്ളവർ ഏറെയാണ്. ഇവർ ഏറ്റുമുട്ടുന്നതും വഴക്കുകൂടുന്നതും പതിവുകാഴ്ചകളാണ്.
മോഷണവും പിടിച്ചുപറിയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമൊക്ക ഇക്കൂട്ടത്തിലുണ്ട്. മലബാറിലെ ഏതു റെയിൽവേ സ്റ്റേഷനിൽ നിന്നാലും കഞ്ചാവിന്റെയും മദ്യത്തിന്റെയും രൂക്ഷഗന്ധമുണ്ടാകും. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘങ്ങൾക്ക് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനാണ് കൂടുതൽ ഇഷ്ടം. പരിശോധന കർശനമല്ലാത്തതാണ് ഇതിനു കാരണം.
ഇത്തരക്കാർ റെയിൽവേ സ്റ്റേഷനിലിറങ്ങി ബസ് സ്റ്റാൻഡിലെത്തി സ്ഥലംവിടും. മൂന്നുമാസത്തിനിടെ ഇത്തരക്കാരായ 23-ഓളംപേർ പിടിയിലായി. മലപ്പുറം, തൃശൂർ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പട്ടാന്പി റെയിൽവേ സ്റ്റേഷനും കഞ്ചാവ് കടത്തുകാരുടെ ഇഷ്ടതാവളമാണ്.ഇതിനു പുറമെ ട്രെയിനുകൾ കേന്ദ്രീകരിച്ച് അരി, ഇലക്ട്രിക്കൽ സാധനങ്ങളുടെ കള്ളക്കടത്തും ശക്തമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇതെല്ലാം പ്രധാന വെല്ലുവിളിയാണ്.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ദിനംപ്രതി നൂറുക്കണക്കിനു അന്യസംസ്ഥാനക്കാരാണ് വന്നിറങ്ങുന്നത്.ഇവർ എങ്ങോട്ടു പോകുന്നു, എന്തിനു വന്നു എന്നെല്ലാം അറിയാൻ യാതൊരു സ്ംവിധാനവുമില്ല. പിടികിട്ടാപ്പുള്ളികൾ മുതൽ കൊടുംകുറ്റവാളികൾവരെ ഇക്കൂട്ടത്തിലുണ്ട്.
വൃത്തിഹീനമായ ട്രെയിനുകളും സുരക്ഷിതത്വമില്ലാത്ത യാത്രയും ട്രെയിൻ യാത്രക്കാരെ ഏറെ വിഷമിപ്പിക്കുകയാണ്.ഈ സാഹചര്യത്തിൽ സൗമ്യമാർ ആവർത്തിക്കപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലും നടപടിയും അനിവാര്യമാണ്.