ജോൺ സണ് വേങ്ങത്തടം
കൊച്ചി: പ്രതിപക്ഷപാർട്ടികൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്തു സംസ്ഥാനത്തു ട്രെയിൻ തടഞ്ഞവർ ശരിക്കും പെട്ടു. നഷ്ടപരിഹാരം കൊടുക്കാതെ മുന്നോട്ടു പോകാൻ സാധിക്കാത്ത വിധം കോടതിയിൽ കേസുകൾ ഫയൽ ചെയ്തു പൂട്ടാനാണ് തീരുമാനം.
നിലവിലുള്ള കേസുകൾ കോടതിയിൽ എത്തിച്ചെങ്കിലും നഷ്ടപരിഹാരത്തിന്റെ കണക്കെടുപ്പ് നടന്നു വരുന്നതേയുള്ളൂ. അതു കൊണ്ടു തന്നെ ക്രിമിനൽ കേസുകൾ ഉൾപ്പെടുന്ന വാറണ്ട് ട്രയൽ നടത്തി നഷ്ടപരിഹാരം ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം.
ഒരുവർഷം കൊണ്ടു മാത്രമേ കോടതിയിൽ ഇതെല്ലാം തീർപ്പാകുകയുള്ളൂ. റെയിൽവേയുടെ ഓരോ ഡിപ്പാർട്ടുമെന്റുകൾക്കുമുണ്ടായ നഷ്ടം കണക്കുകൂട്ടി അറിയിക്കാൻ നിർദേശംനൽകി കഴിഞ്ഞു. നാശനഷ്ടമല്ല റെയിൽവേ ഉദ്ദേശിക്കുന്നതെന്നു പാലക്കാട് ഡിവിഷനിലെ സീനിയർ ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോടു പറഞ്ഞു. ടിക്കറ്റ് ഇനത്തിലുളള നഷ്ടത്തിനു പുറമേ ട്രെയിൻ തടഞ്ഞതുകാരണം വിവിധ വിവിധവിഭാഗങ്ങളിലുണ്ടായതു കനത്ത നഷ്ടമാണ്. നിലവിലുള്ള കേസുകൾ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരിഗണിക്കുന്നത്.
ട്രെയിൻ തടഞ്ഞിട്ട സമയം, വൈദ്യുതി, ടിക്കറ്റ് നിരക്ക്, തുടങ്ങി എല്ലാ വകുപ്പുകളിൽ നിന്നുണ്ടായ നഷ്ടം കണക്കുകൂട്ടി കോടതിയിൽ ഫയൽ ചെയ്യും. ഇതോടെ ട്രെയിൻ തടഞ്ഞവരെല്ലാം കുടുങ്ങും. സമൻസ് ട്രയലാണെങ്കിൽ മാത്രമേ പെറ്റിക്കേസായി മാറുകയുള്ളൂ. വാറണ്ട് ട്രയൽ ക്രിമിനൽ കേസിന്റെ പരിധിയിൽ വരുന്നതാണ്.
ട്രെയിനുകൾ തടഞ്ഞവർക്കെതിരേ റെയിൽവേ ആക്ട് പ്രകാരം കേസെടുത്തിരിക്കുകയാണ്. തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ 33 കേസും പാലക്കാട് ഡിവിഷന്റെ കീഴിൽ 21 കേസുമാണ് എടുത്തിരിക്കുന്നത്. ഏകദേശം രണ്ടായിരം പേരുടെ പേരിൽ കേസുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ ആദ്യ ദിനം 22 കേസും രണ്ടാം ദിനം 11 കേസും എടുത്തു. പാലക്കാട് ഡിവിഷനു കീഴിൽ രണ്ടു ദിവസമായി 21കേസുകളാണ് എടുത്തിട്ടുള്ളത്. റെയിൽവേ ആക്ട് 146,147, 145ബി, 154, 174എ എന്നീ വകുപ്പുപ്രകാരമാണ് കേസ്. രണ്ടുവർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഒന്നിലേറെ വകുപ്പുകളിൽ ശിക്ഷ വിധിച്ചാൽ ഇതു മൂന്നര വർഷം വരെ നീളാം.
ട്രെയിൻ ഗതാഗതം തടസപ്പെടുത്തി, യാത്രക്കാരെ ശല്യം ചെയ്തു, അനധികൃതമായി കടന്നു കയറി, ജീവനക്കാരെ ജോലിയിൽ തടസപ്പെടുത്തി എന്നീ വകുപ്പു പ്രകാരം ജാമ്യമില്ലാവകുപ്പാണ് ചാർത്തിയിരിക്കുന്നത്. ട്രെയിൻഗതാഗതം തടസപ്പെടുത്തിയതിനു 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാൽ ഇവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കുറ്റത്തിനു 154-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്.
റെയിൽവേയുടെ സ്ഥലത്ത് അതിക്രമിച്ചു കടക്കുന്നതിനു(147) ആറുമാസം വരെ തടവും ആയിരം രൂപ പഴിയുമാണ് ശിക്ഷ. യാത്രക്കാരെ ശല്യം ചെയ്തതിനു ( 146) ആറുമാസം തടവും 500 രൂപ പിഴയും. ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ള റെയിൽവേ ജീവനക്കാരുടെ ജോലി തടസപ്പെടുത്തുന്നതിനു (145)(ബി) ആറുമാസം വരെ തടവും ആയിരംരൂപ പഴിയും തടഞ്ഞു വയ്ക്കുന്നതിനു (174)(എ) രണ്ടു വർഷം വരെ തടവും രണ്ടായിരം രൂപ പിഴയുമാണ് ശിക്ഷ.
ട്രെയിൻ വൈകിയതിനു മിനിറ്റിനു 400 രൂപ വീതം പിഴ ചുമത്താനാണു തീരുമാനം. ട്രെയിനുകൾ തടഞ്ഞവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. റെയിൽവേയ്ക്കുണ്ടായ നാശനഷ്ടത്തിനു പരിഹാരം കാണാൻ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് നിർദേശമെന്നു ഉദ്യോഗസ്ഥർ പറയുന്നു. ട്രെയിനുകൾക്കു മുകളിൽ കയറി നിന്നു പ്രസംഗിച്ചവർ ഉൾപ്പെടെ കേസിൽ പ്രതിയായി കഴിഞ്ഞു.
കണ്ടാലറിയുന്നവർക്കെതിരേ പിന്നീട് കേസെടുക്കും. റെയിൽവേയ്ക്കു കനത്ത നഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കെതിരേ വരെ കേസിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടു ദിവസമായി എട്ടുകേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം തന്പാനൂർ, വർക്കല, ചിറയിൻകീഴ് എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് രണ്ടു ദിവസം ഗതാഗതം തടസപ്പെടുത്തിയത്. കൊച്ചിയിൽ മാത്രം രണ്ടു ദിവസമായി 350 പേരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ടൗണ് ജംഗ്ഷൻ, കളമശേരി, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞതിനാണ് 350 പേർക്കെതിരേ കേസ്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്.