കണ്ണൂർ\പയ്യന്നൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിലെ നാലിടങ്ങളിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ എംഎൽഎ ഉൾപ്പെടെ 460 പേർക്കെതിരേ ആർപിഎഫ് കേസെടുത്തു.സിഐടിയു, ഐഎന്‍ടിയുസി ദേശീയ, സംസ്ഥാന നേതാക്കളും പ്രവർത്തകരും സി.കൃഷ്ണന് എംഎല്‍എയുള്‍പ്പെടെയുള്ള 460 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പയ്യന്നൂരിൽ 50 പേർക്കെതിരേയാണ് ആർപിഎഫ് കേസെടുത്തത്.
ഇന്നലെ രാവിലെ മംഗലാപുരത്ത്നിന്നും പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ 16860 നമ്പര്‍ എഗ്മോര്‍ എക്സ്പ്രസും 16605 നമ്പര്‍ നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസും സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.ഇതിനെതിരെയാണ് ആര്‍പിഎഫ് കേസെടുത്തത്.
കണ്ണപുരത്ത് സിഐടിയു നേതാവ് കെ.പി. രാജൻ ഉൾപ്പെടെ 260 പേർക്കെതിരേയാണു കേസ്. കണ്ണൂരിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണനടക്കം 150 പേർക്കെതിരേയും തലശേരിയിൽ കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ 60 പേർക്കെതിരേയുമാണ് കേസ്.
ആർപിഎഫ് സിഐ എ.പി. വേണുവിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് കേസിലുള്‍പ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.