ജോണ്സണ് വേങ്ങത്തടം
കൊച്ചി: പ്രതിപക്ഷപാർട്ടികൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്തു സംസ്ഥാനത്തു ട്രെയിൻ തടഞ്ഞ നേതാക്കൾ ഉൾപ്പെടെ ഉൗരാക്കുടുക്കിലേക്ക്. സംസ്ഥാന സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്ത റെയിൽവേ സുരക്ഷ ാസേന (ആർപിഎഫ്) ട്രെയിനുകൾ തടഞ്ഞവർക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.
ട്രെയിനുകൾ തടഞ്ഞവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. റെയിൽവേ വകുപ്പിൽ നിന്നുമാണ് നിർദേശമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും വേണ്ടെന്നും നിർദേശമുണ്ട്. ട്രെയിനുകൾക്കു മുകളിൽ കയറി നിന്നു പ്രസംഗിച്ചവർ ഉൾപ്പെടെ അകത്താകുന്ന അവസ്ഥയാണ്. അനുവാദമില്ലാതെ റെയിൽവേ പരിസരത്ത് കയറൽ, നിയമാനുസൃതമുള്ള റെയിൽവേ ജോലി തടസപ്പെടുത്തൽ, വണ്ടിതടയൽ, യാത്ര തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചേർത്തിട്ടുള്ളത്.
കണ്ടാലറിയുന്നവർക്കെതിരേ പിന്നീട് കേസെടുക്കും. ഏതായാലും കേരളത്തിലെ പോലീസിനു സഹായിക്കാൻ പറ്റാത്ത വിധം കുരുക്കു മുറുക്കുകയാണ് ആർപിഎഫ്. റെയിൽവേയ്ക്കു കനത്ത നഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ട് പോയിരിക്കുന്നത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കെതിരേ വരെ കേസെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ട് പോയാൽ പല നേതാക്കളും അകത്താകുകയും മത്സരരംഗത്തു നിന്നുമാറി നില്ക്കേണ്ടിയും വരും.
കൊച്ചിയിൽ മാത്രം രണ്ടു ദിവസമായി 350 പേരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ടൗണ് ജംഗ്ഷൻ, കളമശേരി, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞതിനാണ് 350പേർക്കെതിരേ കേസ്. പണിമുടക്കിനു ട്രെയിൻ തടഞ്ഞവർക്കെതിരെ മൂന്നു വർഷം തടവ് ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് റെയിൽവേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്.
ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് സ്റ്റേഷനുകളിൽ വണ്ടി തടഞ്ഞതിനു 32 പേർക്കെതിരേയാണ് കേസെടുത്തത്. നാലു റെയിൽവേ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ചെറുവത്തൂരിൽ 12-ഉം കാഞ്ഞങ്ങാട്ടും കാസർഗോട്ടും 10 വീതവും നേതാക്കൾക്കെതിരേയാണ് കേസുള്ളത്. പണിമുടക്കിന്റെ രണ്ടാംദിനം കണ്ണൂർ ജില്ലയിൽ നാല് സ്റ്റേഷനുകളിൽ തീവണ്ടി തടഞ്ഞു.
തലശേരി സ്റ്റേഷനിൽ രാവിലെ മംഗളൂരു-കോഴിക്കോട് പാസഞ്ചറാണ് തടഞ്ഞത്. കണ്ണൂരിൽ ബുധാഴ്ചയും ചെന്നൈ-മംഗളൂരു മെയിൽ തടഞ്ഞു. അരമണിക്കൂറിനു ശേഷം വണ്ടി വിട്ടു. കണ്ണപുരത്ത് മംഗളൂരു-എഗ്മോറും പയ്യന്നൂരിൽ തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസുമാണ് തടഞ്ഞത്.
കണ്ണൂരിൽ തീവണ്ടി എൻജിനു മുകളിൽ കയറിയുള്ള പ്രസംഗവും വിവാദമാകുന്നു. ചൊവ്വാഴ്ച തീവണ്ടി തടഞ്ഞതിനു ശേഷം നേതാക്കൾ എൻജിനു മുന്നിലെ ചെറിയ സ്ഥലത്ത് കയറി പ്രസംഗിച്ചതാണ് പ്രശ്നമായത്. ചൊവ്വാഴ്ച തലശേരി സ്റ്റേഷനിൽ കോഴിക്കോട്-കണ്ണൂർ പാസഞ്ചർ തടഞ്ഞിരുന്നു. എൻജിൻ പരിശോധിക്കുന്ന മുൻവശത്തെ സ്ഥലത്ത് കയറിയാണ് നേതാക്കൾ പ്രസംഗിച്ചത്.
പാസഞ്ചറിൽ ഡീസൽ എൻജിനാണെങ്കിലും മുകളിൽ 25,000 വോൾട്ട് പ്രവഹിക്കുന്ന വൈദ്യുതി ലൈൻ പോകുന്നുണ്ട്. അബദ്ധത്തിൽ കൊടിയോ മറ്റോ ലൈനിൽ കുടുങ്ങിയാൽ അപകടം സംഭവിക്കും. ഇത്തരം പ്രസംഗത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മെയിലിന്റെ എൻജിനിലും കയറിപ്പറ്റാൻ ചിലർ ശ്രമിച്ചു. റെയിൽവേ സുരക്ഷാവിഭാഗത്തിന്റെ ഇടപെടൽമൂലം നടന്നില്ല.