കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്ക് പുറമേ പ്രവര്‍ത്തകര്‍ക്കും “വിലങ്ങ് വീഴും’. നേതാക്കള്‍ക്കൊപ്പം ട്രെയിന്‍ തടയാന്‍ രംഗത്തെത്തിയവരെ കുറിച്ച് റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അന്വേഷണമാരംഭിച്ചു.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ സിഐടിയു ജില്ലാസെക്രട്ടറി പി.കെ.മുകന്ദന് (59) ഉള്‍പ്പെടെ നാലുപേര്ക്കെതിരേയായിരുന്നു റെയില്‍വേ ആര്‍പിഎഫ് കേസെടുത്തത്. അതേസമയം നാലു വനിതകള്‍ ഉള്‍പ്പെടെ നൂറുപേര് സമരത്തില്‍ പങ്കെടുത്തുവെന്നാണ് ആര്‍പിഎഫ് വ്യക്തമാക്കുന്നത്.
പങ്കെടുത്ത മുഴുവന്‍ പേരുടേയും ദൃശ്യങ്ങള്‍ പരിശോധിക്കാനാണിപ്പോള് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ട്രെയിന്തടഞ്ഞവര്ക്കെല്ലാം നഷ്ടപരിഹാര തുക നല്‍കേണ്ടിവരുമെന്ന സൂചനയാണ് ആര്‍പിഎഫ് നല്‍കുന്നത്. ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കു പുറമേ നഷ്ടപരിഹാരം സംബന്ധിച്ച് പ്രത്യേക കേസ് ഫയല്‍ ചെയ്യാനും നീക്കം നടക്കുന്നുണ്ട്.
ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പോലും വിലക്കണ്ടാവും. സാധാരണയായി ട്രെയിന്‍ തടയലിന് കേസെടുത്താല്‍ സ്റ്റേഷന് ജാമ്യം ലഭിക്കുകയും കോടതിയില്‍ പിഴയടച്ചാല്‍ കേസൊഴിവാകുകയും ചെയ്യും. എന്നാല്‍ പിഴയിനത്തില്‍ കനത്ത നടപടി സ്വീകരിക്കാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്.
തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് 400 രൂപ മുതല്‍ 800 രൂപ വരെ പ്രവര്‍ത്തന നഷ്ടം എന്ന ഇനത്തില്‍ പിഴ ഈടാക്കാനാണ് ആര്‍പിഎഫിന് റെയില്‍വെ സാമ്പത്തിക വിഭാഗം ശുപാര്‍ശ നല്കിയിരിക്കുന്നതെന്നാണറിയുന്നത്.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ പണിമുടക്കിന്റെ ആദ്യദിവസമാണ് ട്രെയിന്‍ തടഞ്ഞത്.
സംഭവത്തില്‍ സിഐടിയു ജില്ലാസെക്രട്ടറിയെ കൂടാതെ ഫറോക്ക് കാമ്പുറത്ത് സ്വദേശി ബഷീര്‍ പാണ്ടികശാല (49), വെസ്റ്റ്ഹില്‍ സ്വദേശി സി.പി.സുലൈമാന്‍((60), കല്ലായി സ്വദേശി പി.കെ.നാസര്‍ (46) തുടങ്ങി നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയിച്ചു. എട്ടിന് രാവിലെ 7.43 ന് കോഴിക്കോട് റെയില്വേസ്റ്റേഷന് നാലാം പ്ലാറ്റ്ഫോമിലേക്കെത്തിയ ചെന്നൈ-മംഗളുരു സെന്‍ട്രല്‍ മെയിലാണ് തടഞ്ഞത്.
ട്രെയിന്‍ റെയില്‍വേസ്റ്റേഷനിലെത്തിയ ഉടന്‍ ഇവര്‍ ട്രാക്കിലിറങ്ങി എന്‍ജിനു മുന്നിലായി നില്‍ക്കുകയായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ ട്രാക്കില്‍ നിന്ന് നീക്കിയ ശേഷം 08.02 നാണ് ട്രെയിന്‍ പുറപ്പെട്ടത്. റെയില്‍വേയുടെ ജോലി തടസപ്പെടുത്തി അതിക്രമിച്ചു കയറല്‍, ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കല്‍, യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കല് , എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
ഇതില്‍ ട്രെയിന്‍ തടഞ്ഞതിന് മാത്രം രണ്ടുവര്‍ഷം തടവും 2000 രൂപയുമാണ് പിഴ. അതിക്രമിച്ച് സ്റ്റേഷനിനുള്ളില്‍ കയറിയാല്‍ ആറുമാസം തടവും 1000 രൂപയും പിഴ ഈടാക്കാം.