കൊച്ചി: പൂജാ അവധി തിരക്കിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ. പ്രീമിയം തത്കാലിന്റെ പേരിലാണ് പിടിച്ചുപറി.
കേരളത്തിലേക്കും ബംഗളൂരുവിലേക്കുമുള്ള എട്ടു ട്രെയിനുകളിൽ ഫ്ളക്സി നിരക്ക് നടപ്പാക്കി. ഒരു ബർത്തിന് മൂന്നിരട്ടി തുക നൽകണം.
യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1,110 രൂപയായി. ബംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയിൽ 435 രൂപയുടെ സ്ലീപ്പറിന് 1,370 രൂപയും 1,685 രൂപയുടെ സെക്കൻഡ് എസിക്ക് 5,150 രൂപയുമായി.
യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16527) 144 സ്ലീപ്പർ ബർത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേർഡ് എസിയിൽ 30 ബർത്ത് ഫ്ളെക്സി നിരക്കിലാക്കി.
മറ്റു ട്രെയിനുകളിലെ പ്രീമിയം തത്കാൽ ക്വാട്ട: കണ്ണൂർ-യശ്വന്ത്പുര (16528) 90 സ്ലീപ്പർ. ബംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പർ, 65 തേർഡ് എ.സി. കന്യാകുമാരി-ബംഗളൂരു (16525) 97 സ്ലീപ്പർ, 44 തേർഡ് എ.സി.
എറണാകുളം-ബംഗളൂരു (12683) 132 സ്ലീപ്പർ, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ് രഥ് (12258) 83 തേർഡ് എസി. കൊച്ചുവേളി-മൈസൂരു (16316) 84 സ്ലീപ്പർ, 51 തേർഡ് എസി.
ബംഗളൂരു സ്പെഷൽ വണ്ടിയും കോഴിക്കോട് വഴി പകൽവണ്ടിയും ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കത്തയച്ചു.
സതേൺ, സൗത്ത് വെസ്റ്റേൺ ജനറൽ മാനേജർമാർക്കാണ് അയച്ചത്. പകൽവണ്ടിക്കായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.