എസ്.ആർ. സുധീർ കുമാർ
കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളിൽ അൺ റിസർവ്ഡ് -ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം റെയിൽവേ വെട്ടിച്ചുരുക്കുന്നു. പുനലൂർ-കന്യാകുമാരി, നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനുകളിലും അൺ റിസർവ്ഡ് കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കി.
തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസിൽ രണ്ട് ഡീ റിസർവ്ഡ് കോച്ചുകൾ ഉണ്ടായിരുന്നത് ഈമാസം 18 മുതൽ ഒരു കോച്ച് മാത്രമേ ഉണ്ടാകൂ. ഇതിനുപുറമെ ഈമാസം 15 മുതൽ കൂടുതൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തും.
സീസൺ ടിക്കറ്റ് യാത്രക്കാർക്കും ഹ്രസ്വദൂര ഡീ റിസർവ്ഡ് കോച്ച് യാത്രക്കാർക്കും ഇതു വലിയ തിരിച്ചടിയാകും. കോച്ചുകൾ കുറച്ച ട്രെയിനുകളിൽ യാത്രക്കാർ നിന്നുതിരിയാൻ ഇടമില്ലാതെ ദുരിതം അനുഭവിക്കുകയാണ്.
പുനലൂർ-മധുര പാസഞ്ചറിൽ അൺ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചുവെന്ന് മാത്രമല്ല പുതുതായി ഒരു ഫസ്റ്റ് ക്ലാസ് കോച്ചുകൾ കൂടി ഉൾപ്പെടുത്തി. ഇത് ഈ മേഖലയിൽ യാത്ര ചെയ്യുന്ന റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ചില ദീർഘദൂര സർവീസുകളിൽ മാത്രമാണ് ഏതാനും ഡീറിസർവ്ഡ് കോച്ചുകളുള്ളത്. ഇവയിൽ സീസൺ ടിക്കറ്റുകാർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്.
മാത്രമല്ല ചെറിയ ദൂര യാത്രക്കാർക്ക് ഈ കോച്ചുകളിൽ കയറുന്നതിന് പ്രത്യേക സ്ലീപ്പർ ടിക്കറ്റുകളും അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യം പടിപടിയായി നിർത്തലാക്കാനാണ് റെയിൽവേയുടെ നീക്കം. ഇത് കൂടാതെ അൺ റിസർവ്ഡ് കോച്ചുകൾ കുറച്ചിട്ട് കൂടുതൽ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തുകയാണ് റെയിൽവേ ഇപ്പോൾ ചെയ്യുന്നത്.
ബംഗളൂരു -കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി-പൂനെ ജയന്തി ജനത എക്സ്പ്രസുകളിലെ ഡീ റിസർവ്ഡ് കോച്ചുകൾ ഒഴിവാക്കാൻ റെയിൽവേ നീക്കം ആരംഭിച്ചതായി സൂചനയുണ്ട്.
ഈ രണ്ട് വണ്ടികളിലും അൺ റിസർവ്ഡ് കോച്ചുകൾ രണ്ടെണ്ണം വീതമാണുള്ളത്. ഇതിൽ ഒരെണ്ണത്തിന്റെ പകുതി അംഗപരിമിതർക്കും മറ്റൊരു പകുതി റെയിൽവേ മെയിൽ സർവീസിനുമായി മാറ്റിവച്ചിരിക്കുകയാണ്. ഫലത്തിൽ ജനറൽ ഒരെണ്ണം മാത്രമേയുള്ളൂ. സ്ത്രീകൾക്ക് പ്രത്യേക കോച്ചും ഇല്ല.
അടുത്ത മാസം ഒന്നു മുതൽ ചെന്നൈ എഗ്മോർ -കൊല്ലം അനന്തപുരി എക്സ്പ്രസ് ട്രെയിൻ സൂപ്പർ ഫാസ്റ്റ് ആക്കാൻ റെയിൽവേ തീരുമാനിച്ച് കഴിഞ്ഞു.
ഇതോടെ ഈ ട്രെയിനിലുണ്ടായിരുന്ന ഡീ റിസർവ്ഡ് കോച്ചുകളും ഒഴിവാക്കപ്പെടും. മാത്രമല്ല സാധാരണ ടിക്കറ്റ് എടുക്കുന്നവർ സൂപ്പർ ഫാസ്റ്റിന്റെ സപ്ലിമെന്ററി അധിക നിരക്ക് കൂടി എടുക്കുകയും വേണം. സീസൺ ടിക്കറ്റിനും സപ്ലിമെന്ററി ചാർജ് ബാധകമാണ്.
കോവിഡ് കാലത്ത് റെയിൽവേ ഉയർത്തിയ യാത്രാ നിരക്ക് ഇതുവരെ കുറച്ചിട്ടില്ല. കോവിഡിന് മുമ്പ് മിനിമം ചാർജ് 10 രൂപയായിരുന്നു. അത് മൂന്നിരട്ടിയാക്കി വർധിപ്പിച്ച് 30 രൂപയാക്കി. ഈ വർധന ഇതുവരെ കുറയ്ക്കാൻ റെയിൽവേ തയാറായിട്ടില്ല. മുതിർന്ന പൗരന്മാർക്ക് യാത്രാ നിരക്കിൽ ഇളവ് ഉണ്ടായിരുന്നത് നിർത്തലാക്കിയതും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.