കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കുന്നതിനായി സ്വൈപ്പിംഗ് മെഷീൻ എത്തിയതോടെ കറൻസിരഹിത ടിക്കറ്റിന് പ്രിയമേറുന്നു. പോയിന്റ് ഓഫ് സെയിൽ(പിഒഎസ്) ടെർമിനൽ പ്രവർത്തിച്ചുതുടങ്ങിയതോടെ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ പണമിടപാടിന് യാത്രക്കാർ മുന്നോട്ടു വരുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലും സ്വൈപ്പിംഗ് മെഷീനുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.
പിഒഎസ് ടെർമിനലിൽനിന്ന് ഏത് ബാങ്കിന്റെയും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. ഇതിനായി റെയിൽവേ പ്രത്യേക സർവീസ് ചാർജ് ഈടാക്കില്ല. ഏറ്റവും കൂടുതൽ പണമിടപാട് നടക്കുന്നത് റിസർവേഷൻ കൗണ്ടറുകളിലായതിനാൽ അവിടെയാണ് ഏറ്റവുമധികം പിഒഎസ് ടെർമിനൽ സ്ഥാപിച്ചിട്ടുള്ളത്.
ബൾക്ക് ബുക്കിംഗ് നടത്തുമ്പോൾ കൂടുതൽ പണം നൽകേണ്ടിവരുന്നതിനാൽ ഭൂരിഭാഗം പേരും ഇപ്പോൾ പിഒഎസ് ടെർമിനലാണ് ഒരു പരിധിവരെ പ്രയോജനപ്പെടുത്തുന്നത്. പിഒഎസ് ടെർമിനൽ എത്തിയതോടെ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിൽ അനുഭവപ്പെട്ടിരുന്ന ചില്ലറക്ഷാമത്തിനു പരിഹാരമായി.
കേന്ദ്രസർക്കാരിന്റെ കറൻസിരഹിത ഇടപാടിന്റെ ഭാഗമായാണ് രാജ്യത്തെ വിവിധ സ്റ്റേഷനുകളിൽ കാർഡ് സ്വൈപ്പിംഗ് മെഷീൻ വയ്ക്കാൻ റെയിൽവേ തീരുമാനിച്ചത്. 2016 ഡിസംബറിൽ തന്നെ ഉത്തരേന്ത്യയിലെ മെട്രോ സ്റ്റേഷനുകളിൽ സ്വൈപ്പിംഗ് മെഷീൻ ലഭ്യമാക്കിയിരുന്നെങ്കിലും കേരളത്തിൽ അടുത്തിടെയാണ് ഡിജിറ്റൽ കാഷ് ഇടപാട് സാധ്യമാക്കിയത്.
നിലവിൽ സംസ്ഥാനത്തെ 36 കൗണ്ടറുകളിലാണ് ഡിജിറ്റൽ കാഷ് ഇടപാടിനായുള്ള പിഒഎസ് ടെർമിനൽ സ്ഥാപിച്ചിട്ടുള്ളത്.പാലക്കാട് ഡിവിഷന്റെ കീഴിലെ കോഴിക്കോട്, ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങിയ സ്റ്റേഷനുകളിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലാണ് പിഒഎസ് ടെർമിനൽ പ്രവർത്തിക്കുന്നത്.
വിവിധ സ്റ്റേഷനുകളിലെ 18 റിസർവേഷൻ കൗണ്ടറിലും 12 ബുക്കിംഗ് കൗണ്ടറിലും ആറ് പാഴ്സൽ കൗണ്ടറിലും ഇപ്പോൾ പിഒഎസ് ടെർമിനൽ ഉണ്ട്. ഘട്ടംഘട്ടമായി കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലും പിഒഎസ് ടെർമിനൽ സ്ഥാപിക്കാനാകുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.