ഒറ്റപ്പാലം: റെയിൽവേയിൽ നടപ്പാക്കുന്ന കറൻസിരഹിത ട്രെയിൻ ടിക്കറ്റ് പാലക്കാട് ഡിവിഷനിൽ പ്രാബല്യത്തിൽ വരുത്തുന്നതിനു നടപടിയായി. റിസർവേഷൻ ടിക്കറ്റുകൾ നല്കുന്നതു കറൻസിരഹിതമാക്കുന്നതിനുള്ള സംവിധാനം കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വരുത്തുന്നതിനു മുന്നോടിയായാണ് പാലക്കാട് ഡിവിഷനിൽ ഇതിനു നടപടി തുടങ്ങിയത്.
അതേസമയം, ടിക്കറ്റുകൾ റദ്ദാക്കുന്പോൾ തുക തിരിച്ചുനല്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കുകൂടി പരിഹാരം കണ്ടെത്തുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകളിലാണ് സംവിധാനം വരുന്നത്.
കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകളിൽ ഇപ്പോൾതന്നെ ഈ സംവിധാനമായിട്ടുണ്ട്. ഒരുമിനിറ്റ് സമയമാണ് ഇടപാടുകൾക്കായി ഇവിടെ ചെലവാക്കേണ്ടിവരുന്നത്. ഇതുകൊണ്ടുതന്നെ തിരക്കേറിയ സാധാരണ ടിക്കറ്റ് കൗണ്ടറിൽ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യം പ്രശ്നമാണ്.
പാലക്കാട് റെയിൽവേ ഡിവിഷനിൽ 19 സ്ഥലത്തുകൂടി പിഒഎസ് യന്ത്രങ്ങൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനു പുറത്തുള്ള റിസർവേഷൻ കേന്ദ്രങ്ങളിലും സംവിധാനമുണ്ടാകും. തിരുവനന്തപുരം ഡിവിഷനിലും ഈ സംവിധാനം വ്യാപിപ്പിക്കും. ചെന്നൈയിൽനിന്നാണ് പുതിയ സംവിധാനത്തിന്റെ നിയന്ത്രണം. എസ്ബിഐയുടെ യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
എന്നാൽ, ഇതിൽ റദ്ദുചെയ്യുന്ന ടിക്കറ്റുകളുടെ തുക തിരിച്ചുനല്കുന്നതിനു സംവിധാനങ്ങളില്ലാത്തതു പ്രശ്നമാണ്. ഈ പ്രശ്നത്തെതുടർന്ന് പിഒഎസ് മെഷീൻ വഴി ടിക്കറ്റ് നല്കുന്നതു നേരത്തെ നിർത്തിവച്ചിരുന്നു.പിന്നീട് പ്രശ്നം ടിക്കറ്റ് എടുക്കാൻ വരുന്നവരോടു തുറന്നുപറഞ്ഞ് വീണ്ടും ടിക്കറ്റ് വില്പന തുടരാൻ അധികൃതർക്കായി.
പിഒഎസ് വഴി ടിക്കറ്റെടുത്തതു റദ്ദാക്കുന്പോൾ തുക പണമായി തിരിച്ചുനല്കുന്നതിനും തടസമുണ്ട്.കറൻസിരഹിത ട്രെയിൻ ടിക്കറ്റ് എന്ന ആശയം കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്.