കൊല്ലം: ഒരു റൂട്ടിലേയക്ക് പല വിധത്തിൽ ടിക്കറ്റ് ചാർജ് ഈടാക്കി റെയിൽവേ യാത്രക്കാരെ കൊള്ളയടിക്കുന്നു. കോവിഡ് വേളയിലെ ഈ പിടിച്ചുപറിക്കെതിരേ സ്ഥിരം യാത്രക്കാരുടെ പ്രതിഷേധം ശക്തമായി.
തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര പോകുന്നയാൾ സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്താൽ 80 രൂപയാണ് ചാർജ്.
അതേ സമയം ഗൂഗിൾ പേ വഴി ഇതേ ടിക്കറ്റ് ചെയ്താൽ 103 രൂപ നൽകണം. ഇതേ ടിക്കറ്റ് ഐആർസിടിസി മുഖാന്തിരം ബുക്ക് ചെയ്താൽ 120 രൂപയാണ് ഈടാക്കുന്നത്.
കോവിഡ് കാലയളവിൽ പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്താനാണ് കേന്ദ്ര സർക്കാർ നിർദേശം. ഇതനുസരിച്ച് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് കൂടുതൽ പണം നൽകേണ്ടി വരുന്നത്.
ഇപ്പോൾ സർവീസ് നടത്തുന്നത് എല്ലാം സ്പെഷൽ ട്രെയിനുകളായിട്ടാണ്. ഇതിൽ യാത്ര ചെയ്യാൻ റിസർവേഷൻ ചാർജ് ഉൾപ്പെടെയാണ് നൽകേണ്ടത്.
ഒരു സീറ്റ് ഒഴിച്ചിട്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ എന്നായിരുന്നു റെയിൽവേ അധികൃതരുടെ അറിയിപ്പ്. ഈ സാഹചര്യത്തിലാണ് ടിക്കറ്റിനൊപ്പം റിസർവേഷൻ ചാർജും ഈടാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ റെയിൽവേ നിലപാട് മാറ്റി. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരിക്കാമെന്നായി. അതിന് അനുസരിച്ച് റിസർവേഷൻ ടിക്കറ്റുകളും നൽകുന്നുണ്ട്. പക്ഷേ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ റെയിൽവേ തയാറായിട്ടുമില്ല.
മാത്രമല്ല സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടുന്ന് കൊല്ലത്ത് പോകേണ്ട യാത്രക്കാരന് സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടിക്കറ്റ് ലഭിക്കില്ല. വർക്കല പോയാൽ അവിടുന്ന് ടിക്കറ്റ് കിട്ടും. അല്ലെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യണം.
മാത്രമല്ല ഏതാനും ദിവസം മുമ്പ് റിസർവ് ചെയ്താൽ കൂടുതൽ തുകയാണ് ഈടാക്കുന്നത്. യാത്രയുടെ തലേ ദിവസം ടിക്കറ്റ് ചെയ്താൽ ചെറിയ ഇളവ് നിരക്കിൽ ഉണ്ടാകുമെന്നും യാത്രക്കാർ പറയുന്നു.
വേണാട് എക്സ്പ്രസ് പുനരാരംഭിച്ചത് തന്നെ കോവിഡ് സ്പെഷൽ ആയിട്ടാണ്. ഇക്കാലയളവിൽ യാത്രക്കാരന് ആശ്വാസം പകരുന്നതിന് പകരം നിരക്ക് കൂട്ടിയാണ് റെയിൽവേ വണ്ടികൾ ഓടിച്ചത് എന്നതാണ് ഏറെ ഖേദകരം.
ഇപ്പോൾ ഏതാനും ട്രെയിനുകൾ കൂടി പുനരാരംഭിച്ചിട്ടുണ്ട്. യാത്രക്കാരെ കൂടുതൽ പിഴിയുന്നതിനായി ഉത്സവകാല സ്പെഷൽ എന്ന പേരിൽ ആണ് ഇവ ഓടിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കുമ്പോൾ എന്തിനാണ് ഉത്സവത്തിന്റെ പേര് പറഞ്ഞ് ട്രെയിനുകൾ ഓടിക്കുന്നതെന്നും യാത്രക്കാർ ചോദിക്കുന്നു.
റെയിൽവേയുടെ ഈ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു.