സ്വന്തം ലേഖകൻ
തൃശൂർ: ഓണ്‍ലൈനിലൂടെ പണം അടയ്ക്കാതേയും ട്രെയിൻ ടിക്കറ്റു ബുക്ക് ചെയ്യാവുന്ന സംവിധാനം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആരംഭിക്കുന്നു. ബുക്കിംഗ് നടത്തുന്ന സമയത്ത് പണം അടയ്ക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ പിന്നീട് പണം അടയ്ക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. എന്നാൽ 14 ദിവസത്തിനകം പണം അടയ്ക്കണം.
മുംബൈയിലെ ഇ പേലേറ്റർ എന്ന സ്ഥാപനുമായി ചേർന്നുകൊണ്ടാണ് ഐആർസിടിസി ഈ പദ്ധതി നടപ്പാക്കുന്നത്. “കൈയോടെ വാങ്ങൂ, പണം പിന്നീടുമതി’ എന്നാണു മുദ്രാവാക്യം. ട്രെയിൻ ടിക്കറ്റ് ഐആർസിടിസിയുടെ സ്ഥിരമായി വാങ്ങുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം. ഐആർസിടിസി മുഖേന ദിവസേന ആറു ലക്ഷം ടിക്കറ്റുകളാണു ബുക്കു ചെയ്യുന്നത്. ഇതിന്റെ അഞ്ചു ശതമാനം പേരെങ്കിലും പുതിയ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണു കരുതുന്നതെന്ന് ഇ പേ ലേറ്ററിന്റെ വക്താക്കൾ പറയുന്നു.
അതേസമയം, ട്രെയിൻ ടിക്കറ്റ് അടുത്ത ബന്ധുവിനു മാറ്റിക്കൊടുക്കാൻ റെയിൽവേ സൗകര്യം നൽകും. ഒരാളുടെ പേരിൽ ബുക്കു ചെയ്ത ടിക്കറ്റ് മറ്റൊരാൾക്ക് ഉപയോഗിക്കാനാവില്ലെന്നതാണു നിലവിലുള്ള നിയമം.
എന്നാൽ ബുക്കു ചെയ്തയാൾക്കു യാത്ര ചെയ്യാൻ കഴിയില്ലെങ്കിൽ ബുക്കു ചെയ്ത ടിക്കറ്റ് കുടുംബാംഗങ്ങൾക്കു കൈമാറാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിനായി 24 മണിക്കൂർ മുന്‍പെങ്കിലും ഐഡി പ്രൂഫ് സഹിതം ചീഫ് റിസർവേഷൻ സൂപ്പർവൈസർക്ക് അപേക്ഷ നൽകണം.
ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥന്റെ പേരിലുള്ള ടിക്കറ്റ് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന് ഉപയോഗിക്കാം. വിദ്യാർഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അടുത്ത മാസം മുതൽ ഈ സൗകര്യങ്ങൾ നിലവിൽ വരും.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് ഇനി വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടാകില്ല. ആർഎസി മാത്രമേ ഉണ്ടാകൂ. ഒരു ബർത്ത് രണ്ടു പേർക്കാണ് അനുവദിക്കുക. എസി കംപാർട്ടുമെന്റിൽ ആർഎസി യാത്രക്കാർക്ക് ഇതര യാത്രക്കാരേപ്പോലെ പുതപ്പും ബെഡ് ഷീറ്റും നൽകാനും നിർദേശിച്ചിട്ടുണ്ട്.