ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടര്‍ന്ന് മരണം ആറായതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്.
രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു.
സബര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും.
ഞായറാഴ്ച രാവിലെ ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമെടുത്തത്.
യാത്ര ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തലാക്കുന്നത്. എന്നാല്‍ ചരക്ക് തീവണ്ടികള്‍ മുടക്കമില്ലാതെ ഓടും. മാര്‍ച്ച് 13, 16 തീയതികളില്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 12 യാത്രക്കാര്‍ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
മാര്‍ച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍ സര്‍വീസ് പാടില്ലെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഒഴിപ്പിക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് നീട്ടേണ്ടതുണ്ടോയെന്ന് തീരുമാനിക്കാന്‍ ബുധനാഴ്ച റെയില്‍വേ ബോര്‍ഡ് യോഗം ചേരുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.