കോട്ടയം: അപായച്ചങ്ങല വലിച്ചിട്ടും ഹെൽപ് ലൈൻ നന്പറിൽ തുടരെ വിളിച്ചിട്ടും തിരക്കിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ട്രെയിൻ യാത്രക്കാരിക്ക് ആവശ്യമായ പരിഗണന റെയിൽവേ നൽകിയില്ലെന്നു പരാതി.
തിരക്കു വർധിച്ചിട്ടും ആവശ്യത്തിന് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു. ഈസ്റ്റർ, വിഷു അവധികൾക്കുശേഷമുള്ള ആദ്യദിനമായ ഇന്നലെ വേണാട് എക്സ്പ്രസിലാണ് സംഭവം.
യാത്രക്കാർ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയെങ്കിലും ആദ്യ സ്റ്റേഷനിൽ ഇറക്കാതെ അടുത്ത സ്റ്റേഷനിലാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട യാത്രക്കാരിയെ ഇറക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ 9.15നു ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ പിന്നിട്ടപ്പോഴാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ യുവതിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
യാത്രക്കാർ വൈക്കം റോഡിൽ അപായചങ്ങല വലിച്ചു ട്രെയിൻ നിർത്തിയെങ്കിലും ഗാർഡിന്റെ നിർദേശപ്രകാരം യാത്രക്കാരിയെ അടുത്ത സ്റ്റോപ്പായ പിറവം സ്റ്റേഷനിലെത്തിയ്ക്കുകയായിരുന്നു.
ഹൈവേയിലെ ഗതാഗതസൗകര്യങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ടാണു യാത്രക്കാർ വൈക്കം റോഡിൽ അപായ ചങ്ങല വലിച്ചത്.
അഞ്ചു മിനിറ്റ് വൈക്കം സ്റ്റേഷനിൽ നിർത്തിയെങ്കിലും യാത്രക്കാരിക്കു പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ ട്രെയിൻ പിറവത്തേക്ക് എടുക്കുകയായിരുന്നുവെന്നു യാത്രക്കാർ പരാതിപ്പെടുന്നു. ഹെൽപ് ലൈൻ നന്പറായ 139ൽ പലരും മാറിമാറി വിളിച്ചിട്ടും സഹായം ലഭിച്ചില്ല.
അവധി കഴിഞ്ഞുള്ള തിരക്കു മൂലം ഇന്നലെ ജനറൽ കോച്ചുകളിൽ ശുദ്ധവായുപോലും ലഭിക്കാത്ത അവസ്ഥയായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.
അണ് റിസേർവ്ഡ് കോച്ചുകൾ പരിമിതമാക്കിയതും സീസണ് യാത്രക്കാർക്ക് ഡി റിസേർവ്ഡ് കോച്ചുകൾ നൽകാത്തതും ജനറൽ കംപാർട്ട്മെന്റിൽ തിരക്ക് വർധിക്കാനുള്ള കാരണമായതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ് റെയിൽസ് ആരോപിച്ചു.
മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. വടക്കോട്ടും തെക്കോട്ടും ഓഫീസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളിലും യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തുന്നത്.
കോവിഡിന്റെ പേരിൽ റദ്ദാക്കിയ പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതും തിരക്കു കൂടാൻ കാരണമായിട്ടുണ്ട്.