കോഴിക്കോട്: റെയില്‍വേയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും ഇരിക്കാന്‍ സീറ്റ് കിട്ടാത്ത അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാതെ റെയില്‍വേ.
ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്കി എസി കോച്ചില്‍ ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്താലും സീറ്റ് കിട്ടണമെന്നില്ല. അതേസമയം, റിസര്‍വ് ചെയ്യാത്തവര്‍ സീറ്റ് കൈയടക്കുന്ന അവസ്ഥയുമുണ്ട്. ചിലരാകട്ടെ ടിക്കറ്റ് പോലും എടുക്കാതെയാണ് റിസര്‍വേഷന്‍ കോച്ചില്‍ കയറിക്കൂടുന്നത്. പലയിടത്തും കിലോമീറ്ററുകളോളം യാത്ര ചെയ്താലും ടിക്കറ്റ് പരിശോധകർ എത്താറില്ല. പലപ്പോഴും എത്തിയാലും നടപടി എടുക്കാറുമില്ല.
ഇതുമായി ബന്ധപ്പെട്ട് എക്സ് ഉപയോക്താവായ ഘര്‍ കെ കലേഷ് പങ്കുവച്ച ഒരു വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എസി റിസര്‍വേഷന്‍ കോച്ച് എ വണ്‍ കോച്ചിലെ യാത്രക്കാരിയായിരുന്നു വീഡിയോ ചെയ്തത്. 16337 ഓഖ – എറണാകുളം എക്സ്പ്രസില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. വീഡിയോയില്‍ യുവതി ഇത് തന്റെ സീറ്റാണെന്ന് പറഞ്ഞ് എസി വണിലെ റിസര്‍വേഷന്‍ സീറ്റ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ സമയം ആ സീറ്റില്‍ ഒരു യുവാവ് വീഡിയോയിലേക്ക് നോക്കി ചിരിക്കുന്നു.
തുടര്‍ന്ന് യുവതി കോച്ചിലെ മൊത്തം ആളുകളെയും ടിക്കറ്റ് കാണിക്കുന്നു.സീറ്റുകളിലെല്ലാം മൂന്നും നാലും പേര് കയറി ഇരിക്കുന്നത് കാണാം. എസി കോച്ചാണെങ്കിലും ലോക്കല്‍ കോച്ചിന്റെ അവസ്ഥയാണീ കോച്ചിലെ യാത്രക്കാർക്ക്. പരാതി പറഞ്ഞിട്ടും ഐആര്‍സിടിസിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നമ്മള് ഇത്തരം യാത്രകള്‍ ആസ്വദിക്കാന്‍ തയാറായിരിക്കുക എന്നായിരുന്നു വീഡിയോയ്ക്കു താഴെയുള്ള കമന്റുകളില്‍ ഒന്ന്. ഉത്തരേന്ത്യയിൽ നിന്നുള്ള ചിലർ സംഘടിച്ച് ട്രെയിനിൽ കയറുകയും റിസർവേഷൻ സീറ്റുകൾ കൈയടക്കുകയും ചെയ്യുന്നത് പതിവാണ്.
വേണ്ടത്ര റെയിൽവേ പോലീസില്ലാത്തതിനാൽ ടിടിആർമാർക്കു പോലും ഇവരെ ഭയമാണ്. ആവശ്യത്തിനു ടിടിആർമാരില്ലെങ്കിൽ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച് വേണ്ടതു ചെയ്യണമെന്നാണ് സ്ഥിരം റെയിൽവേ യാത്രക്കാരുടെ ആവശ്യം.
സ്വന്തം ലേഖകന്‍
Kalesh inside Indian Railways over People are travelling without ticket inside Sleeper-Coach
byu/Effective-Panda7063 inTotalKalesh