റെയിൽവേ ട്രാക്കിൽ കുടുങ്ങിയ യുവതിയെ ട്രെയിൻ കടന്നുപോകുന്നതിനു നിമിഷങ്ങൾക്കു മുന്പ് രക്ഷിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമിൽ നിന്നും റെയിൽവേ ട്രാക്കിൽകൂടി ഇറങ്ങി നടന്ന ഒരു യുവതി മറുവശത്തെ പ്ലാറ്റ്ഫോമിന്റെ സമീപം എത്തിയെങ്കിലും ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്കു കയറാൻ സാധിച്ചില്ല.
ഈ സമയം അൽപ്പം ദൂരത്തു നിന്നും ട്രെയിൻ വരികയായിരുന്നു. സമീപം ഇരിക്കുകയായിരുന്ന ഒരു യാത്രികൻ ട്രെയിൻ വരുന്നത് കണ്ടതിനെ തുടർന്ന് ഇവരെ ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറ്റുവാൻ ശ്രമിച്ചു.എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു. സംഭവം കണ്ട് ഞൊടിയിടയിൽ ഓടിയെത്തിയ മൂന്ന് പോലീസുദ്യോഗസ്ഥർ ഇവരുടെ കൈകളിൽ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുന്പോൾ ട്രെയിൻ കടന്നു പോകുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇവർ രക്ഷപെട്ടത്.
യുവതി റെയിൽവേ ട്രാക്കിൽ കൂടി നടന്നു വരുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. എമർജൻസി ബ്രേക്ക് ഉപയോഗിച്ച് അദ്ദേഹം നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും ട്രെയിനിന്റെ വേഗം മൂലം സാധിച്ചില്ലെന്ന് വിക്ടോറിയ പോലീസ് വക്താവ് അറിയിച്ചു. ഈ യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമയോചിതമായി ഇടപെട്ട പോലീസുദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹമാണ്.