തിരൂർ: ചുവന്ന മുണ്ടു വീശി ട്രെയിൻ നിർത്തിച്ച കുട്ടികൾ പിടിയിൽ. തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവിലാണ് സംഭവം.
കുളത്തിൽ കുളിക്കാൻപോയ അഞ്ച് കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിൻ നിർത്തിക്കുകയായിരുന്നു.
കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. കുട്ടികളിലൊരാൾ തുമരക്കാവിൽവച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോൾ, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു.
അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻനിർത്തി.
ഉടനെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. പിന്നീട് ലോക്കോ പൈലറ്റ് വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു.
റെയിൽവേ സുരക്ഷാസേന കുട്ടികളെ പിടികൂടുകയും താക്കീതു ചെയ്തതിനുശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസലിംഗ് നടത്തി.
കുട്ടികൾ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.