ന്യൂഡൽഹി: സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരേ ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു.
ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറിലാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന് പരിസരവും തകര്‍ത്തു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ തുരത്തിയത്.
അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി 21 വയസായി നിശ്ചയിച്ചതിനെതിരെ ബിഹാര്‍, യുപി, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, ജമ്മു, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വൻ അക്രമങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ബിഹാറിലെ ചപ്രയില്‍ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.
വ്യാഴാഴ്ച ബിഹാറിലാണ് പ്രതിഷേധം ഏറ്റവും അക്രമാസക്തമായത്. കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച സൈനികസേവന പദ്ധതിയായ അഗ്നിപഥിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളിലാണു പ്രതിഷേധം രൂക്ഷമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം മുഴക്കി യുവാക്കൾ തെരുവിലിറങ്ങി. മധ്യപ്രദേശിലെ ഗ്വാളിയറിൽ പ്രതിഷേധക്കാർ ട്രെയിനിനു നേർക്കു നടത്തിയ ആക്രമണത്തിൽ മലയാളി യാത്രക്കാർക്ക് ഉൾപ്പെ ടെ പരിക്കേറ്റു.
തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട നിസാമുദീൻ എക്സ്പ്രസിനു നേർക്കാണ് ആക്രമണമുണ്ടായത്. ബിഹാറിൽ ബിജെപി ഓഫീസ് പ്രതിഷേധക്കാർ തകർത്തു.
ഇന്നലെയും ട്രെയിനുകൾ കത്തിച്ചു
ബിഹാറിൽ പലയിടത്തും സമരക്കാർ ട്രെയിനിനു തീവയ്ക്കുകയും ട്രെയിൻ, ബസ് ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. റോഡിൽ ടയർ കൂട്ടിയിട്ടു കത്തിച്ചു സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
ബിഹാറിൽ ബിജെപി എംഎൽഎയുടെ കാറിനു നേർക്ക് കല്ലേറുണ്ടായി. എംഎൽഎ അരുണാദേവി ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു.
ബിഹാറിൽ 30 ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം യാത്രയ്ക്കിടെ നിർത്തിയിടുകയും ചെയ്തതായി കേന്ദ്ര റെയിൽവേ അറിയിച്ചു.
പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയാണ്. ബിഹാറിലെ ബഭുവ റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസിന്റെ ഒരു കോച്ചിനു തീയിട്ട പ്രതിഷേധക്കാർ, ആർമി ലവേഴ്സ് എന്ന ബാനർ പതിപ്പിച്ചു.
ആരാ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർക്കു നേരേ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ജെഹനാബാദിൽ വിദ്യാർഥികൾ നടത്തിയ കല്ലേറിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. തോക്കുചൂണ്ടിയാണ് പോലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
ഹരിയാനയിലെ റിവാരിയിൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടിച്ചുകൂടിയ യുവാക്കളെ പിന്തിരിപ്പിക്കാൻ പോലീസ് ലാത്തിവീശി. ഗുരുഗ്രാം-ജയ്പുർ ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു.
പൽവാലിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്കു വെടിവച്ചു. ഇവിടെ 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ, ബലിയ ജില്ലകളിലും വ്യാപക പ്രതിഷേധം നടന്നു. ജമ്മുവിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.
വിമർശനവുമായി വിരമിച്ച സൈനികരും
അഗ്നിപഥിനെതിരേ വിരമിച്ച സൈനികരും പ്രതിപക്ഷവും കൂടി രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി.
സൈന്യം വിടുമ്പോൾ തുടർപഠനത്തിനുള്ള സഹായവും സ്വയംതൊഴിൽ വായ്പയും ലഭ്യമാക്കുമെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം.
പൊതുമേഖലാ ബാങ്കുകളിലും ഇൻഷുറൻസ് സ്ഥാപനങ്ങളിലും ജോലിക്കുള്ള സാധ്യത പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.
കര, നാവിക, വ്യോമ സേനകളിൽ ഓഫിസർ ഇതര നിയമനങ്ങൾ (ജവാൻ, സെയ്ലർ, എയർ വോറിയർ) ഇനി അഗ്നിപഥ്’ വഴി മാത്രമായിരിക്കും.
ഇതുവരെ 15 വർഷത്തേക്കായിരുന്നു നിയമനം; തുടർന്നു പെൻഷനും ലഭിക്കുമായിരുന്നു. അഗ്നിപഥ് പദ്ധതിയിലാകട്ടെ നാലു വർഷത്തെ സർവീസിനു ശേഷം 25 ശതമാനം പേർക്കു മാത്രമേ തുടരാനാകൂ.
ബാക്കി 75 ശതമാനം പേർക്കു ജോലി നഷ്ടമാകും. ഇവർക്കു പെൻഷനില്ല. പകരം 11.71 ലക്ഷം രൂപ ലഭിക്കും.
ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കും. യുദ്ധസമാന സാഹചര്യങ്ങളിൽ ജീവൻ നൽകാൻ വരെ തയാറാകുന്ന സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം, നാലു വർഷത്തേക്കു മാത്രം സേവനത്തിനെത്തുന്നവരിൽനിന്നു ലഭിച്ചേക്കില്ല.
ശരിയായ പരിശീലനം ലഭിക്കാത്തവരെ അതിർത്തിയിൽ നിയോഗിക്കുന്നത് സുരക്ഷയെ ബാധിക്കാം.
ആയുധ പരിശീലനം നേടിയ യുവാക്കൾ നാലു വർഷത്തെ സേവനത്തിനു ശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാകുമെന്നാണ് ആക്ഷേപം.
നിയമനങ്ങൾ ‘അഗ്നിപഥ്’ വഴിയാക്കിയതോടെ കേരളത്തിലും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പുറത്താകും. കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലേക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തിയിരുന്നു.
എഴുത്തുപരീക്ഷ കോവിഡ് മൂലം നീട്ടിവച്ചു. കേരളത്തിലെ 2500 പേരുൾപ്പെടെ എഴുത്തുപരീക്ഷയ്ക്കു കാത്തിരിക്കുന്നതിനിടെയാണ്, നിയമനങ്ങൾ അഗ്നിപഥ് വഴിയെന്ന പ്രഖ്യാപനമെത്തിയത്.