കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളിയുള്‍പ്പെടെ കത്തോലിക്കാ സന്യാസിനിമാര്ക്കുനേരേ ആക്രമണത്തിനും കള്ളക്കേസില്‍ കുടുക്കാനും ശ്രമം.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്സിലെ നാലു സന്യാസിനിമാര്ക്കാണു ബജ്രംഗ്ദള് പ്രവര്‍ത്തകരുടെയും പോലീസിന്റെയും ഭാഗത്തുനിന്നു ദുരനുഭവം നേരിട്ടത്.
ഒഡീഷയില്‍നിന്നുള്ള 19 വയസുള്ള രണ്ടു സന്യാസാര്ഥിനിമാരെ അവധിക്ക് നാട്ടിലാക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഒരുകൂട്ടം ബജ്രംഗ്ദളുകാര് ഇവരെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്.
സന്യാസാര്‍ഥിനികളെ അനുഗമിച്ചിരുന്ന യുവ സന്യാസിനിമാരില്‍ ഒരാള്‍ മലയാളിയാണ്. സന്യാസ പരിശീലന ഘട്ടത്തിലുള്ളവരായതിനാൽ സന്യാസാര്‍ഥിനികള്‍ ഇരുവരും സാധാരണ വസ്ത്രവും മറ്റുള്ളവര്‍ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേര്‍ഡ് എസിയിലെ സുരക്ഷിത സാഹചര്യത്തിലായിരുന്നു സന്യാസിനിമാരുടെ യാത്ര.
19ന് ഉച്ചയോടെയാണു ഡല്‍ഹിയില്‍നിന്നു യാത്ര തിരിച്ചത്. വൈകുന്നേരം ആറരയോടെ ഝാന്‍സി എത്താറായപ്പോള്‍ തീര്‍ഥയാത്ര കഴിഞ്ഞ് ഇതേ ട്രെയിനില്‍ മടങ്ങുകയായിരുന്ന ചില ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അകാരണമായി തങ്ങള്‍ക്കു നേരേ കുറ്റാരോപണങ്ങള്‍ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നു സന്യാസിനികള്‍ പറഞ്ഞു.
സന്യാസാര്‍ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോകുന്നെന്നായിരുന്നു ബജ്റംഗ്ദളുകാരുടെ ആരോപണം.
അതേച്ചൊല്ലി കലഹത്തിനു ശ്രമം തുടങ്ങിയപ്പോള്‍ സന്യാസിനിമാരില്‍ ഒരാള്‍ ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിവരമറിയിച്ചു.
ജയ് ശ്രീറാം, ജയ് ഹനുമാന് മുദ്രാവാക്യങ്ങള്‍ മുഴക്കിയ അക്രമികള്‍ സന്യാസാര്ഥിനിമാരോടു നിങ്ങള്‍ ക്രിസ്ത്യാനികളല്ലെന്നും ഇവര്‍ നിങ്ങളെ മതംമാറ്റാനായി കൊണ്ടുപോവുകയാണ് എന്നും പറയുന്നുണ്ടായിരുന്നു.
തങ്ങള്‍ ജന്മനാ ക്രൈസ്തവരാണ് എന്നു സന്യാസാര്‍ഥിനികള്‍ അറിയിച്ചിട്ടും അവര്‍ കലഹം നിര്‍ത്താന്‍ തയാറായില്ല.
ഇതിനിടെ യാത്രക്കാരില്‍ ചിലര്‍ പോലീസില്‍ വിവരമറിയിച്ചു. ഝാന്‍സിയിലെത്തിയപ്പോള്‍ സന്യാസിനിമാരോടു ട്രെയില്നിന്നു പുറത്തിറങ്ങാനായിരുന്നു പോലീസ് നിര്‍ദേശം.
തങ്ങള്‍ അവധിക്കു നാട്ടില്‍ പോകുന്നവരാണെന്നറിയിച്ചിട്ടും പോലീസ് വഴങ്ങിയില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെ പോലീസ് സന്യാസിനികളെ ട്രെയിനില്‍നിന്നു പുറത്തിറക്കി.
ഈസമയം വനിതാ പോലീസ് ഉണ്ടായിരുന്നില്ല. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പലതും കാണിച്ചിട്ടും അതെല്ലാം വ്യാജമാണെന്നു പറഞ്ഞ പോലീസ് അക്രമികളുടെ പക്ഷത്തായിരുന്നുവെന്നു സന്യാസിനികള്‍ പറഞ്ഞു.
റെയില്‍വേ സറ്റേഷനു പുറത്ത് ജയ്ശ്രീറാം വിളികളുമായി നൂറുകണക്കിനു ബജ്രംഗ്ദള് പ്രവര്‍ത്തകരുണ്ടായിരുന്നു.
വനിതാ പോലീസ് എത്തിയശേഷം സന്യാസിനിമാരെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടയില്‍ പ്രൊവിന്‍ഷ്യല്‍ ഹൗസുമായി ബന്ധപ്പെടാനുള്ള സന്യാസിനിമാരുടെ ശ്രമം പോലീസ് തടഞ്ഞു. പോലീസ് സ്റ്റേഷനു പുറത്തും ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.
ഡല്‍ഹിയിലെ സന്യാസിനിമാര്‍ അഭിഭാഷകന് കൂടിയായ വൈദികന് വഴി, ഝാന്‍സി ബിഷപ്സ് ഹൗസിലും ലക്നൗ ഐജിയെയും ഡല്‍ഹിയിലെ ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
ഐജിയുടെ നിര്‍ദേശപ്രകാരം, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനെത്തുടര്ന്നു രാത്രി 11ഓടെ സന്യാസിനിമാരെ വിട്ടയയ്ക്കുകയായിരുന്നു.
ഝാന്‍സി ബിഷപ്സ് ഹൗസില്‍ സുരക്ഷിതമായി എത്തിയ നാലു സന്യാസിനിമാരെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണു പിറ്റേന്ന് ഒഡീഷയിലേക്കു യാത്രയാക്കിയത്.
ആക്രമിക്കപ്പെട്ടേക്കാമെന്ന ആശങ്ക ഉണ്ടായിരുന്നതിനാല്‍, നാലു സന്യാസിനിമാരും തുടര്‍ന്നുള്ള യാത്രയില്‍ സാധാരണ വേഷമാണു ധരിച്ചത്.
യുപിയിലെ മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണു നടന്നതെന്നാണ് ആരോപണം.