കൊരട്ടി: പാലക്കാട് – എറണാകുളം മെമു സ്പെഷൽ ട്രെയിന് 15 മുതൽ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ പാലക്കാട് നിന്നും എറണാകുളത്തേക്കു പോകുന്ന മെമു 9.50 ന് കൊരട്ടിയിലെത്തും. ഉച്ചതിരിഞ്ഞ് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്കു പോകുന്ന ട്രെയിൻ 3.45 നായിരിക്കും കൊരട്ടിയിൽ നിർത്തുക. സ്പെഷൽ ട്രെയിൻ ആക്കിയതോടെ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി.
യാത്രക്കാർക്ക് സീസണ് ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാമെങ്കിലും നിലവിൽ കൊരട്ടി അങ്ങാടി സ്റ്റേഷനിൽ തത്കാലം സീസണ് ടിക്കറ്റ് ലഭ്യമില്ല. ചാലക്കുടി, അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം ഉണ്ടായിരിക്കും.
കോവിഡ് വ്യാപനമേറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ 22 മാസത്തോളമായി താളം തെറ്റിയ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചുവെങ്കിലും സ്റ്റോപ്പ് അനുവദിക്കാതെ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനെ അവഗണിച്ചതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഉന്നതതലങ്ങളിൽ നിവേദനങ്ങളും നൽകിയിരുന്നു.
കൊരട്ടിയിലും സമീപ പഞ്ചായത്തുകളിൽ നിന്നുമായി ആയിരത്തിലധികം യാത്രക്കാരാണ്ദിവസേന ഇതുവഴി സഞ്ചരിച്ചിരുന്നത്.ട്രെയിനുകൾ നിർത്താതെ വന്നതോടെ ജോലിക്കും ഇതര ആവശ്യങ്ങൾക്കും തീവണ്ടിയെ ആശ്രയിച്ചിരുന്ന ഒട്ടേറെ പേരാണ് പ്രതിസന്ധിയിലായത്.
വർഷങ്ങളായി ജനപങ്കാളിത്തത്തിൽ രൂപീകരിച്ച സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുദിന പ്രവർത്തനങ്ങൾ കരാർ അടിസ്ഥാനത്തിൽ കൊരട്ടിയിൽ നടന്നിരുന്നത്. മറ്റു പാസഞ്ചർ ട്രെയിനുകൾക്കും കൊരട്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
നെല്ലായി: പുതുതായി ആരംഭിച്ച പാലക്കാട് – എറണാകുളം -പാലക്കാട് മെമുവിന് ഈ മാസം 15 മുതൽ നെല്ലായിയിൽ സ്റ്റോപ്പ് അനുവദിച്ചു. നേരത്തെ 12 ട്രെയിനുകൾക്ക് നെല്ലായി സ്റ്റേഷനിലുണ്ടായിരുന്ന സ്റ്റോപ്പ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു.
മെമു സർവീസ് പുനരാരംഭിച്ചുവെങ്കിലും നെല്ലായി ഹാൾട്ട് സ്റ്റേഷൻ ഒഴിവാക്കിയാണ് നേരത്തെ ഉത്തരവ് ഇറങ്ങിയത്. സ്റ്റോപ്പ് നിലനിർത്തണമെന്ന് കാണിച്ച് നെല്ലായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, പറപ്പൂക്കര, മുരിയാട്, കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തിലെ ജനങ്ങൾക്കും വിദ്യാർഥികൾക്കും ആശ്രയമായ നെല്ലായി സ്റ്റേഷനിലെ സ്റ്റോപ്പ് നിലനിർത്തണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കും ടി.എൻ. പ്രതാപൻ എംപി കത്ത് നൽകിയിരുന്നു. പറപ്പൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികളും ഈ ആവശ്യമുന്നയിച്ചു ധർണ നടത്തിയിരുന്നു.