നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പംതന്നെ മാതാപിതാക്കൾ തങ്ങളുടെ പെൺകുഞ്ഞുങ്ങൾക്ക് തങ്ങൾക്ക് നേരെയുണ്ടാകുന്ന അപ്രതീക്ഷിത അതിക്രമങ്ങളോട് പ്രതികരിക്കാനുള്ള കരുത്തും നൽകണം.
ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. പേടിച്ച് പതുങ്ങാനല്ല പെൺകുഞ്ഞുങ്ങൾ തൊട്ടാൽ കുത്തുന്ന കടന്നലുകളായി വേണം ഇനി വളരാൻ. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കടന്നു വരാൻ പ്രാപ്തരാക്കി വേണം പെൺകുട്ടികളെ വളർത്താൻ. ഇപ്പോഴിതാ വയലയിലെ ഒരു സ്കൂളിൽ നിന്നുള്ള വാർത്തയാണ് വൈറലാകുന്നത്.
വയല എൻവി യുപി സ്കൂളിലെ പെണ്‍കുട്ടികള്‍ ഇനി പുലിക്കുട്ടികൾ. സ്തീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സ്വയം പ്രതിരോധിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച് ചുണക്കുട്ടികൾ.
റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ക്രൈം ബ്രാഞ്ചിലെ സെൽഫ് ഡിഫെൻസ് വിഭാഗത്തിലെ എഎസ്ഐമാരായ ലീലാമ്മ, പി.കെ സിന്ധു, വി.ആര് ശ്രീജ ഹസ്ന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പെൺകുട്ടികൾ നേരിടാൻ സാധ്യയുള്ള അപകടനങ്ങളെ കുറിച്ച് ആദ്യം ബോധവൽക്കരണം നൽകുകയും പിന്നീട് ഇവരെ വ്യായാമ മുറകള്‍ പരിശീലിപ്പിക്കുകയുമായിരുന്നു.
പ്രത്യേക പരിശീലനം പെൺകുട്ടികളിൽ ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനും പേടി കുറയ്ക്കുന്നതിനും വളരെ ഏറെ പ്രേയോജനം ചെയ്തതായി സ്കൂൾ പ്രഥമാധ്യാപിക പി.റ്റി ഷീജ പറഞ്ഞു.
അധ്യാപകരായ മനു മോഹൻ, എബിൻ വർഗീസ്, സീമ, സ്വപ്ന ജെ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്വയം സുരക്ഷ സംബന്ധിച്ച മികച്ച പരിശീലനം ലഭിച്ച സന്തോഷത്തിലാണ് വയലാ എൻ വി യു പി സ്കൂളിലെ കുട്ടികൾ.