കോഴിക്കോട്: ട്രെയിനുകളിലുള്‍പ്പെടെ കവര്‍ച്ച നടത്താന്‍ സജ്ജരായി കൂട്ടാളികള്‍ സംസ്ഥാനത്തിനക്കും പുറത്തും രംഗത്തുണ്ടെന്ന് കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിന്റെ വെളിപ്പെടുത്തല്‍.
ലക്ഷങ്ങളുടെ സ്വര്‍ണഭരണ കേസ്അന്വേഷണ സംഘത്തോടാണ് ലാലാ കബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സുഹൃത്തുക്കളായ പലരും ഇപ്പോഴും മോഷണം നടത്തുന്നുണ്ട്.
വലിയ മോഷണങ്ങള്‍ക്ക് ഇവര്‍ സജ്ജരാണെന്നും റെയില്‍വേ സിഐ എല്‍. സുരേഷ്ബാബുവിനോട് ലാലാ കബീര്‍ വ്യക്തമാക്കി. അതേസമയം ഈ മാസം എട്ടിന് രണ്ടു ട്രെയിനുകളില്‍ നടന്ന മോഷണത്തെ കുറിച്ച് അറിയില്ലെന്നാണ് ലാലാ കബീറിന്റെ മൊഴി.
2016 ഒക്ടോബറില്‍ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ 2.27 ലക്ഷം രൂപ വിലിവരുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതിയാണ് ലാലാ കബീര്‍. ഈ കേസില്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ലാലാ കബീറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ലാലാ കബീറിന്റെ കൂട്ടാളികളില്‍ ചിലരെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. ട്രെയിനില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്താണ് മോഷ്ടാക്കള്‍ സ്വര്‍ണം അപഹരിച്ചതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
യാത്രക്കാരുടെ കോള്‍ ഡീറ്റൈയില്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണിപ്പോള്‍ പുരോഗമിക്കുന്നത്.
ഇക്കഴിഞ്ഞ എട്ടിന് ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം -മംഗളൂരു മലബാര്‍ എക്സ്പ്രസുകളിലെ എസി കോച്ചുകളിലാണ് മോഷണം നടന്നത്. രണ്ടു തീവണ്ടികളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം റെയില്‍വേ സിഐ എം.കെ. കീര്‍ത്തിബാബു, എസ്ഐ ജംഷീദ് പുറമ്പാളി എന്നിവര്‍ ചെന്നൈയിലെത്തി അന്വേഷണം നടത്തിയിരുന്നു.
ഇവര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. കവര്‍ച്ചനടന്ന തീവണ്ടികളിലെ ജീവനക്കാരെയും 20 യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ചെന്നൈ സ്വദേശിനി പൊന്നിമാരന്‍ , കാഞ്ഞങ്ങാട് പുല്ലൂര്‍ ഉദനനഗര് നെല്ലിയോടന്‍ വീട്ടില്‍ വൈശാഖ് എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.