കണ്ണൂർ: ട്രെയിനുകളിൽ വൻ കവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിലുമാണ് കവർച്ച നടന്നത്.
ഇന്നു പുലർച്ചെയായിരുന്നു സംഭവം. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ചെന്നൈ ഐനാവാരം സ്വദേശി പൊന്നിമാരന്റെ ഡയമണ്ട്, സ്വർണം ഉൾപ്പെടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് കവർന്നത്.
കണ്ണൂരിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതായിരുന്നു ചെന്നൈയിൽ നിന്നും പൊന്നിമാരനും കുടുംബാംഗങ്ങളും. സെക്കൻഡ് എസിയിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.
ബാഗിനുള്ളിൽ സൂക്ഷിച്ച ഒരു ഡയമണ്ട് നെക്ലൈസ്, സ്റ്റഡ്, വളകൾ, സ്വർണത്തിന്റെ വാച്ച്, മോതിരങ്ങൾ എന്നിവയാണ് മോഷണം പോയത്. ഷൊർണൂരിനും കോഴിക്കോടിനും ഇടയിലാണ് കവർച്ച നടന്നതെന്നു കരുതുന്നു.
പൊന്നിമാരൻ കണ്ണൂർ റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടന്‍ പരാതി നൽകി. കണ്ണൂർ റെയിൽവേ പോലീസ് കോഴിക്കോട് റെയിൽവേ പോലീസിനു പരാതി കൈമാറുകയും ചെയ്തു.
തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിന്റെ എ വൺ കോച്ചിലാണ് കവർച്ച നടന്നത്. കാഞ്ഞങ്ങാട് പുല്ലൂർ സ്വദേശിനിയായ പ്രവീണയുടെ താലിമാലയടക്കം ഒൻപതര പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഏകദേശം മൂന്നുലക്ഷം രൂപ കണക്കാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവീണ നെടുന്പാശേരി എയർപോർട്ടിൽ വിമാനമിറങ്ങി അങ്കമാലിയിൽ നിന്നു ട്രെയിനിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു.
കോഴിക്കോടിനു വടകരയ്ക്കുമിടയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. കണ്ണൂർ റെയിൽവേ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.