രാമന്തളി പാലക്കോട് ഹാര്ബറിലെത്തിയാല് ഒരു കൗതുക കാഴ്ച കാണാം. ട്രെയിനിന്റെ കംപാര്‍ട്ട്മെന്റായി രൂപകല്‍പ്പന ചെയ്ത ഹോട്ടലാണത്. ഹാര്‍ബറിന്റെ തൊട്ടു മുമ്പിലാണ് നാലു വനിതകള്‍ ചേര്‍ന്നു നടത്തുന്ന ഈ സംരംഭം.
ട്രെയിനിലുള്ളതുപോലെ വാതിലുകളും കൈപ്പിടിയും ജനലുകളുമൊക്കെ നിര്‍മാണത്തിലൂടെ തന്നെ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിന്റെ നിറംകൂടി പെയിന്റിംഗിംലൂടെ പകര്‍ന്നതോടെ കെട്ടിടയുടമ പാലക്കോട്ടെ നൗഷാദിന്റെ ആഗ്രഹം പോലെ തന്നെ ട്രെയിനിന്റെ എല്ലാ ഭാവങ്ങളും കെട്ടിടത്തിനുണ്ടായി.
കൗതുകമുണര്‍ത്തുന്ന ഈ കെട്ടിടത്തില്‍ ഹോട്ടല്‍ നടത്താനായി മുന്നോട്ടുവന്നത് പാലക്കോട് ഫിഷര്‍മാന്‍ സൊസൈറ്റി ജീവനക്കാരിയായ ആശയും കക്കമ്പാറയിലെ നീതുവും വെള്ളച്ചാലിലെ സുഭാഷിണിയും ചൂട്ടാടുള്ള മഹിതയുമുള്പ്പെടുന്ന നാലു വനിതകളാണ്.
ഹോട്ടല്‍ തുടങ്ങുന്നതിനുള്ള സാമ്പത്തികം പ്രശ്നമായപ്പോഴാണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) ഇവര്‍ക്ക് തുണയായത്. തീരമൈത്രി പദ്ധതിയില്‍ 80 ശതമാനം സബ്സിഡിയോടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ വായ്പയായി ലഭിച്ചതോടെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമാരംഭിച്ചത്.
20 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഹോട്ടല്‍ സല്‍ക്കാര എന്ന പേരിലുള്ള ഈ സ്ഥാപനത്തിലുള്ളത്. സീസണ് സമയത്ത് ചായയും കടികളും ഉച്ച ഭക്ഷണവുമെല്ലാം ഇവിടെയുണ്ടാകും. സീസണല്ലാത്തതിനാല്‍ ഇപ്പോള്‍ ഉച്ചഭക്ഷണം മാത്രമാണ് തയാറാക്കുന്നത്.
കടലില്‍നിന്നു കൊണ്ടുവന്നയുടന്‍ എടുത്ത് തയാറാക്കുന്ന ഏറ്റവും നല്ല മീന്‍ വിഭവങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. അതിനാല്‍ത്തന്നെ ആവശ്യക്കാരുമേറെയാണ്. ജീവിക്കാനുള്ള വരുമാനം കണ്ടെത്താനും ഇവര്‍ക്കാകുന്നുണ്ട്.
ഒരുപാട് സാധ്യതകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തിന് മുന്നില്‍ പകച്ചു നില്ക്കേണ്ടിവരികയില്ലെന്നും ഹോട്ടല്‍ സല്‍ക്കാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആശ പറയുന്നു.
ഏതായാലും ട്രെയിനിലിരിക്കുന്ന അനുഭൂതിയോടെ പുഴയുടെ താരാട്ട് കേട്ട് രുചിവൈവിധ്യങ്ങളുള്ള മീനും കൂട്ടി ഭക്ഷണവും കഴിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കുള്ള അവസരമാണ് ഈ നാല് വനിതകള്‍ പാലക്കോട് ഒരുക്കിയിരിക്കുന്നത്.