കോഴിക്കോട്: ട്രെയിനുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണഭരണ മോഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചെന്നൈയില്‍. ട്രെയിന്‍ പുറപ്പെട്ട സ്ഥലത്ത് നിന്ന് മോഷണം നടന്ന ട്രെയിനുകളില്‍ അതേ കമ്പാര്‍ട്ട്മെന്റിലെ അതേ സീറ്റില്‍ യാത്ര ചെയ്ത് അന്വേഷിക്കുന്നതിനായാണ് ഒരു സംഘം ചെന്നൈയില്‍ എത്തിയത്.
കൂടാതെ ചെന്നൈ കേന്ദ്രീകരിച്ച് ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്നവരേയും നേരത്തെ പ്രതികളായുള്ളവരുടേയും വിവരങ്ങളും അന്വേഷിച്ചുവരികയാണ്.
രണ്ടു ദിവസത്തെ അന്വേഷണത്തിനായാണ് പ്രത്യേക സംഘത്തെ ചെന്നൈയിലേക്ക് അയച്ചതെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചെത്തുമെന്നും പാലക്കാട് റെയില്‍വേ പോലീസ് ഡിവൈഎസ്പി എ.ഷറഫുദ്ദീന് “രാഷ്ട്ര ദീപിക’ യോട് പറഞ്ഞു.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിനു ശേഷം ചെന്നൈ സ്വദേശികളായവര്‍ അവരുടെ ബന്ധുക്കള്‍ക്കും മറ്റും ആഭരണങ്ങളുടെ ഫോട്ടോ വാട്സ് ആപ്പ് ചെയ്തിരുന്നു. ഈ ഫോട്ടോയില്‍ നഷ്ടപ്പെട്ട മുഴുവന്‍ ആഭരണങ്ങളുടെയും വ്യക്തമായ ചിത്രങ്ങളാണുള്ളത്.
ഈ ചിത്രങ്ങള്‍ കേരളത്തിലേയും സമീപ സംസ്ഥാനങ്ങളിലേയും ഗോര്‍ഡ് മര്‍ച്ചന്റ് അസോസിയേഷന് വഴി എല്ലാ സ്വര്‍ണക്കടക്കാര്‍ക്കും ലഭിക്കും വിധത്തിലുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
ഈ മാതൃകയിലുള്ള സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാന്‍ ജ്വല്ലറികളില്‍ എത്തുകയാണെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നല്കയിട്ടുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു.
സ്വര്‍ണാഭരണങ്ങളുമായി പുറപ്പെട്ട ചെന്നൈ സ്വദേശികള്‍ 10.30 ന് ഉറങ്ങാന്‍ കിടന്നതായാണ് മൊഴി നല്‍കിയത്. പിന്നീട് പുലര്‍ച്ചെ തിരൂരില്‍ എത്തിയപ്പോഴാണ് ഉണര്‍ന്നത് .
അപ്പോഴേക്കും സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് 12 ന് ഫോണ്‍ കോള്‍ വന്നിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി.
പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിനായുള്ള കോളായിരുന്നു അതെന്നാണ് ഇവരുടെ മറുപടി. ബര്‍ത്തിന് മുകളിലായിരുന്നു ഇവര്‍ ഉറങ്ങിയിരുന്നത്.
ഫോണ്‍ അറ്റന്‍ഡ് ചെയ്തുവെന്നല്ലാതെ താഴെ കിടന്നിരുന്ന സ്ത്രീയായിരുന്നു സ്വര്‍ണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഫോണ്‍ വന്ന സമയം ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന വ്യക്തമല്ലെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി.
അതേസമയം സിസിടിവി പരിശോധന പുരോഗമിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. ഈ റോഡ് വരെ മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നത്. പിന്നീട് കോഴിക്കോട് മാത്രമാണുള്ളത്.
കോയമ്പത്തൂരില്‍ സിസിടിവി റെയില്വേസ്റ്റേഷനിലുണ്ടെങ്കിലും ഈ വഴിയല്ല ട്രയിന്‍ വന്നത്. അതിനാല്‍ സമീപത്തെ സ്ഥാപനങ്ങളിലും മറ്റുമുള്ള സിസിടിവി ദൃശ്യം പരിശോധിക്കുന്നത് സങ്കീര്‍ണമാണ്. ഇത് പരിശോധിക്കുന്നതിനും ശേഖരിക്കുന്നതിനും മാത്രമായി അന്വേഷണസംഘത്തിലെ ഒരു സംഘം പ്രവര്‍ത്തിച്ചുവരികയാണ്.
രണ്ടു ട്രയിനുകളിലുമുള്ള യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുന്നതിന് 10 ദിവസമെങ്കിലും ആവശ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങളും ഫോണ്‍ നമ്പറും ഇതിനകം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ യാത്ര ചെയ്തവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചെന്നൈയില്‍ നിന്നും ലഭിക്കേണ്ടതായുണ്ട്.
ഇതിന് രണ്ടാഴ്ചയെങ്കിലും ആവശ്യമാണെന്നാണ് റെയില്‍വേ അന്വേഷണസംഘത്തെ അറിയിച്ചത്. എന്നാല്‍ പരമാവധി വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നിതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു.
രണ്ടു ട്രെയിനുകളിലും ഓരേ സമയം മോഷണം നടന്നത് യാദൃശ്ചികമായാണ് അന്വേഷണസംഘം കാണുന്നത്. രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ഓരേ സംഘമല്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസിലും ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.
ചെന്നൈ-മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരിയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ആഭരണങ്ങളും 22,000 രൂപയുമാണ് മോഷണം പോയത്. മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരുടെ ഒന്‍പതര പവന് സ്വര്‍ണാഭരണവും രേഖകളുമാണ് നഷ്ടമായത്.