തിരുവനന്തപുരം: യാത്രയ്ക്കിടെ നേതാവതി എക്സ്പ്രസിന്റെ എസി കോച്ച് ഉൾപ്പടെ മൂന്നു ബോഗികൾ വേർപെട്ടു. അത്യാധുനിത സംവിധാനമുള്ള ട്രെയിൻ ആയതിനാൽ അപകടമില്ല. ഇന്നു രാവിലെ 9.15 തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും മുബൈയ് ലോക്മാന്യ തിലകിലേയ്ക്ക് പോയ നേത്രാവതി എക്സ്പ്രസിന്റെ എസി കോച്ച് ഉൾപ്പെടുന്ന മൂന്നു ബോഗികളാണ് പേട്ട റയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെ വേർപെട്ടത്.
ബോഗികൾ വേർപെട്ട് ട്രെയിൻ അൽപം ദൂരം പിന്നിട്ടതോടെ ഓട്ടോമാറ്റിക്കായി ട്രെയിൻ നിന്നു. ഇതോടെ ലോക്കോ പൈലറ്റും എഞ്ചിൻ ഗാർഡും പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് എസി കോച്ച് വേർപെട്ട നിലയിൽ കണ്ടെത്തിയത്. ഈ സമയം എൻജിൻ കൊച്ചുവേളിയിലെത്തിയിരുന്നു.
ലോക്കോ പൈലറ്റും ഗാർഡും കോച്ച് ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. കോച്ച് ബന്ധിപ്പിച്ച് തൊട്ടടുത്ത സ്റ്റേഷനിലെത്തിച്ച് പൂർണമായ പരിശോധന പൂർത്തിയായ ശേഷം മാത്രമെ ട്രെയിൻ യാത്ര തുടരു. ഇതുകാരണം ട്രെയിൻ അൽപം വൈകിയായിരിക്കും ഓടുന്നതെന്ന് റെയിൽവെ അറിയിച്ചു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്.
അധികം ദൂരം പിന്നിടുന്നതിനു മുന്പ് തന്നെ എസി കോച്ച് ഉൾപ്പടെയുള്ള മൂന്നു ബോഗികൾ വേർപെടാനുള്ള കാരണം അന്വേഷിക്കുമെന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അധികൃതർ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുവെങ്കിൽ നടപടി ഉണ്ടാകുമെന്നും സ്റ്റേഷൻ അധികൃതർ അറിയിച്ചു.