ട്രെയിൻ യാത്രക്കിടെയിൽ നേരിടേണ്ടി വന്ന അപകടകരമായ സാഹചര്യത്തെക്കുറിച്ചുള്ള ഒരാളുടെ അനുഭവ കുറിപ്പ് വലിയ മുന്നറിയിപ്പ് നൽകുന്നു. സഞ്ചാരി ട്രാവൽ ഫോറം എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഈ കുറിപ്പ് പങ്കുവച്ചത് മുഹമ്മദ് എന്നയാളാണ്.
ബംഗളൂരുവിലെ ബനസ്വാഡിയിൽ നിന്നും യെശ്വന്ത്പൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് ഇദ്ദേഹത്തിന് വളരെ ഭീതിജനകമായ അനുഭവമുണ്ടായത്. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും താഴെ നിൽക്കുകയായിരുന്ന ഒരു കുട്ടി മൊബൈൽ ഫോണ് തട്ടിയെടുക്കാൻ ശ്രമിച്ചു. കൈയിലിരുന്ന വടി ഉപയോഗിച്ച് ആക്രമിച്ചാണ് മൊബൈൽ തട്ടിയെടുക്കുവാൻ ഈ കുട്ടി ശ്രമിച്ചത്. ഈ കുട്ടിക്കൊപ്പം മൂന്നാല് പേർ കൂടിയുണ്ടായിരുന്നു.
എന്നാൽ ഭാഗ്യത്തിന് ഇദ്ദേഹത്തിന് മൊബൈൽ ഫോണ് നഷ്ടമായില്ല. എന്നാൽ അടി അദ്ദേഹത്തിന്റെ കഴുത്തിനാണ് കൊണ്ടത്. അബദ്ധത്തിൽ പതിഞ്ഞ ചിത്രമാണിതെന്ന് പറഞ്ഞ മുഹമ്മദ് ഈ കുട്ടി ആക്രമിക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാതിൽക്കൽ നിന്ന് യാത്ര ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.