റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയിൽ കാല് കുടുങ്ങിയ മധ്യവയസ്ക്കയ്ക്ക് തുണയായി യാത്രികർ. ബോസ്റ്റണിലെ മാസച്യുസെറ്റ്സ് അവന്യു സ്റ്റേഷനിലാണ് സംഭവം. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാൽപ്പത്തിയഞ്ചുകാരിയായ ഇവരുടെ കാൽ കുടുങ്ങിയത്.
സംഭവം കണ്ട് ഓടിയെത്തിയ യാത്രികർ ഒത്തൊരുമിച്ച് ട്രെയിൻ തള്ളി ഉയർത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരമായി പരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവർത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആംബുലൻസ് വിളിക്കരുതെന്നും കാരണം 2,06,835.00 അവർക്ക് ഫീസ് നൽകേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവർ പറഞ്ഞത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.