വടകര: ‘പരശുറാം എക്സ്പ്രസില്‍ ആരെങ്കിലും ഉണ്ടോ..ഒരു ബാഗ് മറന്നു വെച്ചിട്ടുണ്ട്. എസ് ആറ് കോച്ചില്‍ സൈഡ് ബര്‍ത്തിനോട് ചേര്‍ന്ന് കറുത്ത ബാഗ് മറന്നുവെച്ചു. ഒന്നു പരിശോധിച്ച് അത് കണ്ടെടുക്കൂ’… ട്രെയിന്‍ ടൈം വാട്ട്സാപ്പ് ഗ്രൂപ്പില്‍ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന മെസേജുകളില്‍ ഒന്നാണിത്.
ചിലപ്പോള്‍ നഷ്ടപ്പെട്ടത് പേഴ്സ് ആകും. ചിലപ്പോഴത് മൊബൈല്‍ ഫോണ്‍ , അങ്ങിനെ പലതും. ഗ്രൂപ്പിലെ ആരെങ്കിലും സാധനം മറന്നു വെച്ച ട്രെയിനിലുണ്ടാവും. മറന്നു വെച്ച വസ്തു കോച്ച് ഏതെന്ന് തെരഞ്ഞുപിടിച്ച് കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ചാല്‍ ഈ കൂട്ടായ്മ സന്തോഷത്തോടെ അത് ആഘോഷിക്കുകയായി.
മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയാണ് ട്രെയിന്‍ ടൈം വാട്ട്സ് ആപ്പ് ഗ്രൂപ്പ്. ഈ കൂട്ടായ്മയുടെ നന്മയില് ഇതുവരെ നൂറ്റി അറുപതോളം പേര്‍ക്ക് നഷ്ടപ്പെട്ടു പോയ സാധനങ്ങള്‍ തിരികെ ലഭിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്പ്, കറന്‍സി എന്നിങ്ങനെ വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ കിട്ടുമ്പോള്‍ ഉടമസ്ഥന്റെ കണ്ണ് കൃതജ്ഞത കൊണ്ട് നിറഞ്ഞു പോകാറുണ്ട്.
നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്നതിന് ആര്‍പിഎഫിന്റെയും റെയില്‍വേ അധികൃതരുടെയും ഭാഗത്തു നിന്ന് വലിയ സഹായമാണ് ലഭിക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിന് പി.കെ.സി.ഫൈസല്‍ വടകര പറഞ്ഞു. സാധനങ്ങള്‍ നഷ്ടപ്പെട്ടു പോയതായി ആര്‍പിഎഫിന് ലഭിക്കുന്ന പരാതികള്‍ അവര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പിന് കൈമാറുകയും ചെയ്യാറുണ്ട്.
2013 ല്‍ വടകര നിന്നും കോഴിക്കോട്ടേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ട്രെയിന്‍ ടൈം എന്ന പേരിലുള്ള വാട്ട്സ് ആപ്പ് കൂട്ടായ്മ. ഫൈസല്‍ പി.കെ.സിയാണ് ഇതിന് മുന്‍കൈയ്യെടുത്തത്. ആറ് വര്‍ഷം കഴിയുമ്പോള്‍ മെമ്പര്‍മാരുടെ എണ്ണം നാലായിരം തികഞ്ഞിട്ടുണ്ട്.
മൂന്ന് ലേഡീസ് ഓണ്‍ലി അടക്കം 17 ഗ്രൂപ്പുകളാണ് ഇപ്പോഴുള്ളത്. സ്ത്രീകള്‍ക്കും മറ്റും ട്രെയിനുകളില്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കൃത്യമായ ഇടപെടലുകള്‍ നടത്തി ഈ കൂട്ടായ്മ സഹായത്തിന് എത്താറുണ്ട്.