കോട്ടയം: ബസ്ചാർജ് വർധന വന്നിട്ടും കെഎസ്ആർടിസിക്ക് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകുന്നില്ല. കളക്ഷനിൽ നേരിയ വർധന മാത്രമാണ് ലഭിക്കുന്നത്. സ്വകാര്യ ബസുകളില്ലാത്ത റൂട്ടുകളിൽ മാത്രമാണ് വരുമാനത്തിൽ വർധനവുണ്ടായിരിക്കുന്നത്.
15 രൂപയ്ക്കു മുകളിൽ ടിക്കറ്റിന് കെഎസ്ആർടിസി സെസ് കൂടി ഈടാക്കുന്ന സാഹചര്യത്തിൽ ദീർഘദൂരയാത്ര കനത്ത ബാധ്യതയാണ് യാത്രക്കാർക്കുണ്ടാക്കുന്നത്.ബസ് ചാർജ് വർധിപ്പിച്ചതോടെ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സീസണ് ടിക്കറ്റുകാരുടെ എണ്ണത്തിലും വർധനവുണ്ട്.
ബസുകളിൽ മിനിമം ചാർജ് എട്ടുരൂപയായപ്പോൾ ട്രെയിനിൽ അഞ്ചു രൂപമാത്രം. ട്രെയിനിൽ 10 രൂപ ടിക്കറ്റെടുത്താൽ 45 കിലോമീറ്ററും എക്സ്പ്രസിൽ 29 രൂപ മുടക്കിയിൽ 50 കിലോമീറ്ററും യാത്ര ചെയ്യാം.
ബസിൽ പത്തു രൂപ ടിക്കറ്റിൽ ഏഴര കിലോമീറ്ററേ യാത്ര ചെയ്യാനാകൂ. പത്തു കിലോമീറ്ററിന് 12 രൂപ ടിക്കറ്റെടുക്കണം. 20 കിലോമീറ്ററിന് 19 രൂപ ടിക്കറ്റെടുക്കണം.കോട്ടയത്തു നിന്നും തൃശൂർ വരെയും കൊല്ലംവരെയും ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധവുണ്ടായതായി റെയിൽവേ അറിയിച്ചു.
കടുത്തുരുത്തി, ചങ്ങനാശേരി റൂട്ടുകളിലേക്കു പോലും ട്രെയിനിൽ യാത്ര ചെയ്യാൻ കൂടുതൽ പേരെത്തുന്നു.കെഎസ്ആർടിസിയുടെ നേർപ്പകുതി നിരക്കു മാത്രമേ ദീർഘ യാത്രയിൽ ട്രെയിനിൽ വരുന്നുള്ളൂ. കടുത്ത ചൂടുകാലമായതോടെ ഏറെപ്പേരും ട്രെയിനിനെ ആശ്രയിക്കുന്നു. ഒപ്പം സമയലാഭവും. ട്രെയിനില്ലാത്ത റൂട്ടുകളിൽ യാത്രക്കാർക്ക് ഭാരിച്ച ബാധ്യതയാണ് ബസ് കൂലിയിലൂടെയുണ്ടാവുന്നത്.