നല്ല ഉറക്കത്തിലായിരുന്നു ആരോ വന്ന് തട്ടിവിളിച്ചപ്പോഴാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ യൂണിഫോമിലുള്ള പോലീസുകാരന്. എന്താ സംഭവമെന്ന് ആദ്യം പിടികിട്ടിയില്ല.
ലഗേജെടുത്ത് ട്രെയിനിനു പുറത്തേക്ക് വരണമെന്നും ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിക്കുകയാണെന്നും പോലീസുകാരന് സൗമ്യനായി പറഞ്ഞപ്പോള്‍ അമ്പരപ്പോടെ ബര്‍ത്തില്‍ നിന്നും എഴുനേറ്റ് ബാഗുമെടുത്ത് പതിയെ പുറത്തേക്ക് നടന്നു.
ബോഗിയിലെ മറ്റു യാത്രക്കാരും ലഗേജുമായി പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു. എന്തെങ്കിലും അപകടകമോ ബോംബ് ഭീഷണിയോ ആണെന്നാണ് യാത്രക്കാര്‍ പലരും കരുതിയത്.
കംപാര്‍ട്ടുമെന്റിന്റെ വാതില്ക്കല് വന്നപ്പോള്‍ പുറത്ത് പോലീസ് പട. ആളുകളെയെല്ലാം വരിവരിയായി നിര്‍ത്തിയിരിക്കുന്നു. എന്തൊക്കെയോ എഴുതിയെടുക്കുന്നു. ഇതേതാണ് സ്റ്റേഷന് എന്ന് പോലീസുകാരനോട് ചോദിച്ചപ്പോള്‍ തൃശൂര്‍ എന്ന് മറുപടി കിട്ടി.
പേടിക്കേണ്ടെന്നും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ട്രെയിന്‍ ഇനി പോകുന്നില്ലെന്നും നിങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പോലീസുകാരന് വിശദീകരിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്.
പേരും വിലാസവും വിശദാംശങ്ങളും പറഞ്ഞുകൊടുത്തു. അപ്പോഴേക്കും ശരീരോഷ്മാവ് അളന്ന് രേഖപ്പെടുത്തി. സ്റ്റേഷനു പുറത്ത് വണ്ടികള്‍ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു.
കംപാര്‍ട്ടുമെന്റില്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം ലഗേജും കൊണ്ട് പതിയെ വണ്ടികളില്‍ കയറി. എവിടേക്കാണ് എന്ന് ചോദിച്ചപ്പോള്‍ കില എന്ന് ഉത്തരം കിട്ടി. യാതൊരു പിടിയും കിട്ടിയില്ല. വണ്ടിയിലിരിക്കുമ്പോള്‍ വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞു.
അല്പസമയത്തിനുള്ളില് വലിയൊരു കെട്ടിടത്തിന്റെ മുന്നിലെത്തി. പുറത്ത് ചെറിയ തണുപ്പുണ്ടായിരുന്നു. ആരൊക്കെയോ വന്ന് ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലമായിരുന്നു. ഇനി കുറച്ചു ദിവസം ഇവിടെയായിരിക്കുമെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു.