ലക്നോ: ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചുകയറ്റി,
രണ്ട് കർഷകർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാഖിംപുർ ഖേരിയിലായിരുന്നു സംഭവം. ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്രമന്ത്രി അജയ് മിശ്ര എന്നിവരുടെ സന്ദർശനത്തോടനുബന്ധിച്ച് കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് കർഷകർക്കുമുകളിലേക്ക് പാഞ്ഞുകയറിയത്.
വഴിയരികിൽ നിൽക്കുകയായിരുന്ന പ്രതിഷേധക്കാർക്ക് നേരെയാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ട്വീറ്റ് ചെയ്തു.
അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ വാഹനങ്ങൾക്ക് തീയിട്ടു. കൂടുതൽ കർഷകർ ലാഖിംപുർ ഖേരിയിലേക്ക് തിരിച്ചിട്ടുണ്ട്.