സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം സ്പാനിഷുകാരിയായ ഡോളറസ് ലെയ്സ് ആണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള മുഖസാദൃശ്യമാണ് കർഷകയായ ഇവരെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്.
വടക്കുപടിഞ്ഞാറൻ സ്പെയിനിൽ കാർഷിക റിപ്പോർട്ടിംഗിനു പോയ ഒരു പത്രപ്രവർത്തകനാണ് കാർഷിക വസ്ത്രങ്ങളുമണിഞ്ഞ് തൂന്പയും ചുമലിലേറി നിൽക്കുന്ന ഡോളറസിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ട്രംപുമായി സാമ്യം തോന്നിയതിനാൽ ചിത്രം ഉടൻ വൈറലായി.
അമേരിക്കൻ നയവും അന്താരാഷ്ട്ര പ്രശ്നങ്ങളുമൊക്കെ ചോദിച്ചാൽ, എനിക്കതൊന്നും അറിയാൻമേലേ… എന്നും പറഞ്ഞ് ഈ അറുപത്തിനാലുകാരി കൈമലർത്തും. ഉരുളക്കിഴങ്ങു കർഷകയായ ഡോളറസിന് തന്റെ വിളയെ നശിപ്പിക്കാൻ വരുന്ന കീടങ്ങളെ എങ്ങനെ തുരത്താമെന്ന ആശങ്ക മാത്രമേയുള്ളൂ.
അമേരിക്കയിൽ എന്തു നടന്നാലും തനിക്കെന്താ എന്ന ഭാവം. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ മാറ്റി ഈ കഠിനാധ്വാനിയായ വനിതയെ നിയമിക്കണമെന്നും കമന്റ് ചെയ്തവരുണ്ട്. മറ്റു ചിലരാവട്ടെ പ്രസിഡന്റിന്റെ കുടുംബവേരുകൾ സ്പെയിനിലുമുണ്ടോ എന്നാണ് അന്വേഷിച്ചത്.