വാഷിംഗ്ടണ്‍: ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി യുദ്ധത്തിന് വന്നാൽ അത് ഇറാന്റെ അവസാനമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനി ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാനിൽനിന്നും ഭീഷണി ഉയരുന്നെന്ന് ചൂണ്ടിക്കാട്ടി ഗൾഫിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചത്. ഇറാനെ ലക്ഷ്യമിട്ട് മിസൈൽ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അർലിംഗ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പൊംപിയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രകോപനപരമായ ട്വീറ്റ്. ഇറാൻ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കൻ താത്പര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കുമെന്നും പൊംപിയോ വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ആണവകരാറിൽനിന്ന് ഇറാൻ പിന്മാറിയതാണ് ഇപ്പോൾ അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. അണ്വായുധങ്ങൾ നിർമിക്കാനാവശ്യമായ യുറേനിയത്തിന്റെ ഉത്പാദനം പുനരാരംഭിക്കുമെന്ന് ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ കരാറിൽനിന്ന് അമേരിക്ക കഴിഞ്ഞ വർഷം തന്നെ പിൻമാറിയിരുന്നു.