വാഷിംഗ്ടണ്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം നടത്തിയ പത്രസമ്മേളനത്തിൽ സിഎൻഎൻ റിപ്പോർട്ടറുടെ ചോദ്യത്തിന് മുന്നിൽ പ്രകോപിതനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേടിയത് ചരിത്രവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെയാണ് മെക്സിക്കൻ അതിർത്തിയിൽ അഭയാർഥികൾ കൂട്ടത്തോടെ വരുന്നത് അധിനിവേശമാണെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തെക്കുറിച്ച് സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റ ചോദിച്ചത്. ഇതോടെ ട്രംപ് പ്രകോപിതനാവുകയായിരുന്നു.
എന്നെ രാജ്യം ഭരിക്കാൻ അനുവദിക്കാത്തത് എന്താണെന്ന് ദേഷ്യത്തോടെ ട്രംപ് ചോദിച്ചു. അക്കോസ്റ്റ വീണ്ടും ചോദ്യങ്ങൾക്ക് മുതിർന്നപ്പോൾ വൈറ്റ് ഹൗസ് ജീവനക്കാരിയെത്തി അദ്ദേഹത്തിൽനിന്ന് മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചു. റഷ്യയുടെ ഇടപെടലിൽ ട്രംപിന് ആശങ്കയുണ്ടോ എന്ന ചോദ്യം കൂടിയായതോടെ ട്രംപ് പൊട്ടിത്തെറിക്കുകയായിരുന്നു.
നിങ്ങളെപ്പോലൊരു മാധ്യമപ്രവർത്തകൻ അവിടെ ജോലിചെയ്യുന്നതിൽ സിഎൻഎൻ ലജ്ജിക്കേണ്ടതാണെന്ന് ട്രംപ് പറഞ്ഞു. നിങ്ങൾ മര്യാദയില്ലാത്തവനാണ്. അപകടകാരിയാണ്. സാറ ഹക്കബിയെ നിങ്ങൾ എന്താണ് ചെയ്തതെന്ന് എനിക്കറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ട്രംപ് പത്രസമ്മേളനം നിർത്തി ഇറങ്ങിപ്പോകാനും ശ്രമിച്ചു.
ഇതിനിടെ, മറ്റൊരു മാധ്യമപ്രവർത്തകൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരുന്നു. വീണ്ടും അക്കോസ്റ്റ ചോദ്യവുമായി എഴുന്നേറ്റപ്പോൾ നിങ്ങൾ അവിടെയിരിക്കൂ എന്നാശ്യപ്പെട്ട ട്രംപ്, നിങ്ങൾ വ്യാജവാർത്തയെഴുതുന്നയാളാണെന്നും രാജ്യത്തെ ജനങ്ങളുടെ ശത്രുവാണെന്നും ആരോപിച്ചു. സംഭവത്തെത്തുടർന്ന് ജിം അക്കോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് സസ്പെൻഡ് ചെയ്തു.