ചാലക്കുടി: ചാലക്കുടിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ലോക പ്രസിദ്ധമായ ട്രാംവെയുടെ ചരിത്ര അവശേഷിപ്പുകളുടെ പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള സർക്കാർ നടപടികൾ അനിശ്ചിതത്വത്തിൽ. 2014-ലാണ് ട്രാംവെ മ്യൂസിയം സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചത്. മ്യൂസയത്തിനുവേണ്ടി ബി.ഡി. ദേവസി എംഎൽഎ ചെയർമാനായി ഒരു സമിതി രൂപീകരിക്കുകയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കേണ്ട വസ്തുക്കളുടെ ലഭ്യത ഇവ ശേഖരിക്കുന്നതിന് അവലംഭിക്കേണ്ട മാർഗങ്ങൾ, ആവശ്യമായ മനുഷ്യ വിഭവശേഷി എന്നിവ സംബന്ധിച്ച് സാധ്യത പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
മ്യൂസിയം സജീകരിക്കുന്നതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്താനും തീരുമാനിച്ചിരുന്നു.പിന്നീട് 2016 ഡിസംബർ 23-ന് ഇതുസംബന്ധിച്ച് വീണ്ടും ആലോചനയോഗം നടന്നു. സംസ്ഥാന മ്യൂസിയം, പുരാവസ്തു തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗത്തിൽ സന്നിഹിതനായിരുന്നു. മൂന്നുമാസത്തിനകം ട്രാംവെ മ്യൂസിയം നിർമാണത്തിനാവശ്യമായ ഡിപിആർ തയാറാക്കി സമർപ്പിക്കുവാൻ മന്ത്രി നിർദേശിച്ചിരുന്നു.
ഇതിനുശേഷം ഇറിഗേഷൻ, വനം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ച് മ്യൂസിയം നിർമാണത്തിനാവശ്യമായ നടപിട സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മ്യൂസിയം സ്ഥാപിക്കുന്നതിനായി പിഡബ്ല്യുഡി മെക്കാനിക്കൽ വർക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്ന സ്ഥലവും പടിഞ്ഞാറെ ചാലക്കുടി ഫോറസ്റ്റ് ഡിപ്പോ വകസ്ഥലവുമാണ് നിർദേശിച്ചിരുന്നത്. എന്നാൽ പിഡബ്ല്യുഡി മെക്കാനിക്കൽ വർക്ക്ഷോപ്പിന്റെ സ്ഥലം തന്നെയാണ് ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ നിർദേശിച്ചിരിക്കുന്നത്.
ട്രാംവെ മ്യൂസിയത്തെക്കുറിച്ച് ബി.ഡി. ദേവസി എംഎൽഎ നിമയമസഭയിൽ സബ് മിഷൻ ഉന്നയിക്കുകയും ഉടനെ നടപടി സ്വീകരിക്കുമെന്ന് മറുപടിയും ലഭിക്കുകയുമാണ് പതിവ്. എന്നാൽ ഇപ്പോൾ ട്രാംവെ മ്യൂസിയും സംബന്ധിച്ച നടപടികൾ അനിശ്ചിതാവസ്ഥയിലാണ്. 1901-ൽ കൊച്ചി ഭരിച്ചിരുന്ന രാമവർമ തന്പുരാനാണ് ബ്രിട്ടീഷുകാരുടെ റെയിൽവേ ലൈൻ സാങ്കേതിക വിദ്യയും ജർമ്മൻകാരുടെ റെയിൽവേ എൻജിൻ സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ട്രാംവെ നിർമിച്ചത്. 1901-ൽ പണി തുടങ്ങിയ ട്രാംവെ 1905ൽ പൂർത്തിയായി. 49.5 കിലോമീറ്റർ ദൂരം വന്ന ട്രാംവെ നിർമിക്കാൻ അന്ന് 22 ലക്ഷം രൂപയായിരുന്നു ചെലവ്.
പറന്പികുളം മലനിരകളിൽനിന്നും തേക്ക്, ഈട്ടി തുടങ്ങിയ വിലയേറിയ മരങ്ങൾ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയാണ് ട്രാംവെ നിർമിച്ചത്. സമുദ്രനിരപ്പിൽനിന്നും 50 അടി ഉയരത്തിലുള്ള ചാലക്കുടിയിൽ തുടങ്ങി ആനപാന്തത്ത് എത്തുന്പോൾ 400 അടി. അവിടെനിന്നും പറന്പികുളം കടുവാസങ്കേതത്തിലുള്ള കോമളപ്പാറയിൽ എത്തുന്പോൾ 2500 അടി. പിന്നീട് പറന്പികുളത്തേക്ക് എത്തുന്പോൾ ട്രാംവെ താഴേക്ക് പോകണം. ഇൻക്ലെയിൻ സംവിധാനത്തോടെ കൂറ്റൻ പൽചക്രത്തിന്റെ ഇരുവശങ്ങളിലുമുള്ള ഇരുന്പ്വടം ബോഗികളിൽ ഘടിപ്പിച്ച് ഒരു വാഗൻ താഴോട്ട് ഇറങ്ങുന്പോൾ മറ്റൊരു വാഗൻ മുകളിലേക്ക് കയറുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ട്രാംവെ പ്രവർത്തിച്ചിരുന്നത്.
ലോകത്തിലെതന്നെ ഏറ്റവും ശാസ്ത്രീയമായ കമ്യൂണിക്കേഷൻ ട്രാൻസ്പോർട്ടേഷൻ സംവിധാനമായിരുന്നു ട്രാംവെ. ചാലക്കുടിയിൽ കറന്റ് വന്നത് 1949ലാണ്. എന്നാൽ 1905ൽ ട്രാംവെയ്ക്കുവേണ്ടി ജനറേറ്റർ ഉപയോഗിച്ച് കറന്റ് ഉല്പാദിപ്പിച്ചിരുന്നു. കൊച്ചി രാജ്യത്തിന്റെ ഫോറസ്റ്റ് തലസ്ഥാനം ചാലക്കുടിയായിരുന്നു. ട്രാംവെയുടെ പ്രധാന ഓഫീസാണ് ഇന്നത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസ്.
മരങ്ങൾ വിദേശത്തേക്ക് കടത്തികൊണ്ടുപോകുകയും പിന്നീട് മരത്തിന്റെ ലഭ്യത കുറഞ്ഞപ്പോൾ ട്രാംവെ നിർത്തലാക്കുകയും പൊളിച്ചു നീക്കുകയും ചെയ്തു. ട്രാംവെ ഉണ്ടായിരുന്നുവെങ്കിൽ വനമേഖലകളിലൂടെ കടന്നുപോകുന്ന ട്രെയിൻ സൗകര്യമാക്കി ലോകടൂറിസം മാപ്പിൽ ചാലക്കുടിക്ക് ഒരു സ്ഥാനം ഉണ്ടാകുമായിരുന്നു.