വെള്ളിക്കുളങ്ങര: ചാലക്കുടിയിൽ നിന്ന് പറന്പിക്കുളത്തേക്കു നിലവിലുണ്ടായിരുന്ന കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ എന്ന തീവണ്ടിപ്പാതയുടെ ഭാഗമായി നിർമിക്കപ്പെട്ടതാണ് വെള്ളിക്കുളങ്ങരയിലെ പാലം.
1905ലാണ് ചാലക്കുടി മുതൽ പറന്പിക്കുളം വരെ 49.5 മൈൽ നീളത്തിൽ നിർമിക്കപ്പെട്ട ട്രാംവേയിലെ നിരവധി പാലങ്ങളിലൊന്നാണ് വെള്ളിക്കുളങ്ങരയിലേത്.
പറന്പിക്കുളം വനത്തിൽ നിന്ന് വിലപിടിപ്പുള്ള ടണ്കണക്കിന് തടികളാണ് ട്രാംവണ്ടികളിൽ കയറ്റി ഈ പാലത്തിലൂടെ ചാലക്കുടിയിലേക്കും അവിടെ നിന്ന് കൊച്ചി തുറമുഖത്തേക്കും എത്തിച്ചിട്ടുള്ളത്.
ലണ്ടൻ ഉൾപ്പടെയുള്ള ബ്രിട്ടീഷ് നഗരങ്ങളിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ പലതും നിർമിക്കപ്പെട്ടത് പറന്പിക്കുളം കാടുകളിൽനിന്നുള്ള തടി ഉപയോഗിച്ചാണ്.
ട്രാംവേ കടന്നുപോയിരുന്ന ആനപ്പാന്തം കവല, കൊമളപ്പാറ, കുരിയാർകുട്ടി, പറന്പിക്കുളം എന്നിവിടങ്ങളിലായി അക്കാലത്ത് ഉണ്ടായിരുന്ന റെസ്റ്റ് ഹൗസുകളിൽ ബ്രിട്ടീഷ് ഓഫീസർമാർ അവധിക്കാലം ചെലവഴിക്കാനെത്തിയിരുന്നു.
പക്ഷിനിരീക്ഷകനായിരുന്ന ഡോ.സലിം അലി ഈ പാതയിലൂടെ ട്രാം വണ്ടിയിൽ നിരവധി തവണ പറന്പിക്കുളത്തേക്ക് സഞ്ചരിച്ചിരുന്നു.
1935 ൽ തിരുവിതാംകൂർ മഹാരാജാവിന്റെ ആവശ്യപ്രകാരം നടത്തിയ തിരുവിതാംകൂർ കൊച്ചി പക്ഷി സർവേയുടെ ഭാഗമായാണ് ഡോ. സലിം അലി തന്റെ ഭാര്യ തെഹ്മിനയോടൊപ്പം ട്രാംവേയിലൂടെ പറന്പിക്കുളം കാടുകളിലെത്തി പക്ഷികളെ കുറിച്ച് പഠനം നടത്തിയത്.
പറന്പിക്കുളത്തെ കരിയാർകൂട്ടിലിരുന്നാണ് അന്ന് കേരളത്തിലെ പക്ഷികളെ കുറിച്ചുള്ള തന്റെ പുസ്തകത്തിന് ഡോ. സലിം അലി തുടക്കംകുറിച്ചത്. 1963ൽ ട്രാംവേ പൂർണമായി നിർത്തലാക്കിയെങ്കിലും പാലങ്ങൾ നിലനിർത്തിയാണ് ട്രാംവേയിലെ റെയിൽപ്പാളങ്ങൾ പൊളിച്ചുനീക്കിയത്.
വെള്ളിക്കുളങ്ങര ട്രാംവേ പാലത്തിൽ മരപ്പലകകൾ സ്ഥാപിച്ചാണ് കുറേക്കാലം ജനങ്ങൾ ഉപയോഗിച്ചിരുന്നത്. പിന്നീട് പാലത്തിന്റെ മുകൾഭാഗം വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനായി കോണ്ക്രീറ്റ് ചെയ്ത് വീതികൂട്ടുകയായിരുന്നു.
116 വർഷങ്ങൾ പിന്നിട്ടിട്ടും വെള്ളിക്കുളങ്ങര പാലവും ഇതിന്റെ കൽത്തൂണുകളും ഇപ്പോഴും കരുത്തിന്റെ പ്രതീകമായി നിലകൊള്ളുകയാണ്.