ചാലക്കുടി: ട്രാംവേ പുറന്പോക്കിൽ താമസിക്കുന്ന 12 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നഗരസഭയുടെ നടപടി കൗണ്‍സിലർമാരടക്കം നാട്ടുകാർ തടഞ്ഞു. ട്രാംവേ പുറന്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.
ഇതനുസരിച്ച് ജില്ലാ കളക്ടർ വിധി നടപ്പാക്കാൻ സെക്രട്ടറിക്ക് നിർദേശം നല്കിയതനുസരിച്ചാണ് വീടുകൾ പൊളിച്ചുനീക്കാൻ നഗരസഭ അധികൃതർ എത്തിയത്.
എന്നാൽ വാർഡ് കൗണ്‍സിലർമാരായ സൂസമ്മ ആന്റണി, വി.സി.ഗണേശൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഇതിനെ തുടർന്ന് നഗരസഭ അധികൃതർ നടപടി നിർത്തിവച്ചു.
ഹൈക്കോടതി ഉത്തരവായതിനെ തുടർന്ന് നഗരസഭ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.
എന്നാൽ ഹൈക്കോടതിവിധിയനുസരിച്ച് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാൽ ഇവർക്ക് താമസിക്കാൻ സ്ഥലമില്ലാതാകും. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിച്ചശേഷമേ ഹൈക്കോടതി വിധി നടപ്പാക്കാൻ പാടുള്ളൂവെന്ന് കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടിരുന്നു.