കൊച്ചി: ഭാര്യ എത്തിയതിനെത്തുടർന്ന് ഒപ്പം താമസിച്ചിരുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ട്രാൻസ്ജെൻഡർ യുവതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രേഷ്മ(32) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.
ഭാര്യ പിണങ്ങിപ്പോയ തമിഴ്നാട് സ്വദേശി മുരികേശനൊപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് കഴിഞ്ഞ ദിവസം മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തി ഈ ബന്ധത്തെ ചോദ്യം ചെയ്യുകയുണ്ടായി.
തുടർന്ന് ഭാര്യയോടൊപ്പം താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു മുരുകേശൻ. ഇതേ ചൊല്ലി രേഷ്മയും മുരുകേശനും തമ്മിൽ വഴക്കുണ്ടായി. പ്രകോപിതമായ രേഷ്മ കൈയിൽ കരുതിയിരുന്ന കത്തിക്കൊണ്ട് മുരുകേശനെ കുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം. തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടക്കാൻ ശ്രമിച്ച രേഷ്മയെ നോർത്ത് പോലീസ് ഇ്ൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ മുരുകേശൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മുരുകേശന് നഗരത്തിൽ ആക്രി സാധനങ്ങൾ പെറുക്കുന്ന തൊഴിലാണ്.